മൂന്നാർ: ഡിസംബറിന്റെ ആരംഭത്തിൽതന്നെ മൂന്നാറിനെ പൊതിഞ്ഞിരുന്ന അതിശൈത്യം എത്താൻ വൈകിയെങ്കിലും ക്രിസ്മസ് കഴിഞ്ഞതോടെ മൂന്നാർ മഞ്ഞുപുതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് ഇത്തവണ തണുപ്പ് മൈനസിലെത്തിയത്.
മൂന്നാർ ഓൾഡ് ദേവികുളത്ത് തണുപ്പ് മൈനസ് ഒരു ഡിഗ്രിയായിരുന്നു. തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയതോടെ ഇവിടത്തെ പുൽമേടുകളും മലനിരകളുമെല്ലാം മഞ്ഞുപുതച്ചു.
കഴിഞ്ഞ ദിവസം ലക്ഷ്മി എസ്റ്റേറ്റിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞദിവസത്തെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു.
മാട്ടുപ്പെട്ടി, എല്ലപ്പെട്ടി, ചെണ്ടുവാര, ചിറ്റുവാര, കുണ്ടള, സെവൻമല, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്.
തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാട്ടുപ്പെട്ടി, എക്കോപോയിന്റ്, ടോപ്പ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
മൂന്നാറിലെ അതിശൈത്യമെത്തിയതോടെ പുതുവത്സരം പ്രമാണിച്ച് ഇനിയും സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്ത് സാധാരണ ഗതിയിൽ മൂന്നാറിലെ തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്താറുണ്ട്.