സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അക്രമം നടത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നു കോണ്ഗ്രസ്. ആദ്യം ആക്രമിക്കുന്നത് കേസിലെ ഒന്നാം പ്രതിയായ സജീവിനെയാണെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമിക്കുന്നതെന്നു ദൃശ്യങ്ങളിൽ കാണാമെന്നും കോണ്ഗ്രസ് നേതാക്കളായ എം.എം. ഹസൻ, കെ.എസ്. ശബരീനാഥൻ എംഎൽഎ, പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പത്രസമ്മേളനത്തൽ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരെ കാണിച്ചു വിശദീകരിച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം നടത്തിയത്. സജീവിനെ ആദ്യം വളഞ്ഞിട്ട് ആക്രമിക്കുന്നതു ഷഹീനും അപ്പൂസുമാണെന്നു കാണാം.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇരട്ടക്കൊലപാതകം നടന്നതെന്നും ഇത് സിപിഎമ്മിന്റെ രണ്ടു ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൈയിലെ ആയുധങ്ങൾ സംബന്ധിച്ച് റഹിമിന്റെയും ആനാവൂർ നാഗപ്പന്റെയും പ്രസ്താവനകളിലെ വൈരുധ്യം സിപിഎം വിഭാഗീയതയ്ക്ക് തെളിവാണ്.
എ.എ. റഹീമും ഡി.കെ. മുരളി എംഎൽഎയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ചേരിപ്പോരിന്റെ ഭാഗമായി സംഭവിച്ചതാണ് വെഞ്ഞാറമൂട് കൊലപാതകം.
സംഭവസ്ഥലത്തുണ്ടായിരുന്നത് 12 പേരാണ്. രണ്ടു പേർ മരിച്ചു. അവിടെയുണ്ടായിരുന്നവരിൽ ഏഴുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു മൂന്നുപേരെക്കുറിച്ചു വിവരമില്ല.
ഡിവൈഎഫ്ഐ പ്രവർത്തകരായ അപ്പൂസും ഷഹീനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിന്റെ സംരക്ഷണയിലാണെന്നും ഹസൻ ആരോപിച്ചു. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിത്. അവിടെയുണ്ടായിരുന്ന കുറച്ചുപേരെ പോലീസ് സംരക്ഷിക്കുകയാണ്.
കേസിലെ പ്രതികളായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളവർ കോണ്ഗ്രസ് ഭാരവാഹികളല്ല. അക്രമത്തിൽ ഏതാനും ഐഎൻടിയുസി പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടാകാം. ഇവരെ ഒരു രീതിയിലും സംരക്ഷിക്കില്ല. വെഞ്ഞാറമൂട് കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമാക്കി മാറ്റുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്.
നിലവിൽ കേസ് അന്വേഷിക്കുന്ന റൂറൽ എസ്പിയെ ഒഴിവാക്കി അന്വേഷണം നടത്തണം. കേരള പോലീസ് അന്വേഷിച്ചാൽ യഥാർഥ പ്രതികളെ പിടികൂടാനാകില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും കോണ്ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.