മുക്കം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം യു ഡി എഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലന്ന് സൂചന.
സഖ്യത്തിനെതിരേ സമസ്ത ഇ.കെ, എ.പി വിഭാഗങ്ങളും മുജാഹിദ് വിഭാഗവും ശക്തമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്.ഇതിൽ കാലങ്ങളായി ലീഗിനൊപ്പം നിൽക്കുന്ന ഇ.കെ വിഭാഗത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും എതിർപ്പ് വലിയ തിരിച്ചടിയായി മാറും.
വെൽഫെയർ പാർട്ടി സ്ഥാനാർഥികള് മത്സരിക്കുന്ന വാർഡുകൾ പരാജയപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇ.കെ വിഭാഗം സമസ്ത അണികൾക്ക് നിർദേശം നൽകിയതായാണ് അറിവ്.
കെഎൻഎം സംസ്ഥാന സെക്രട്ടറി എ.ഐ അബ്ദുൽ അസീസും സഖ്യത്തിനെതിരേ പരസ്യയമായി തന്നെ രംഗത്തെത്തിയിരുന്നു.
മുക്കം നഗര സഭയിൽ ചേന്ദമംഗല്ലൂർ പ്രദേശം ഉൾക്കൊളളുന്ന മൂന്ന് വാർഡുകളാണ് യുഡിഎഫ് വെൽഫെയർ പാർട്ടിക്ക് നൽകിയതെന്നാണ് വിവരം. ഈ പ്രദേശമാവട്ടെ സംസ്ഥാനത്ത് തന്നെ പാർട്ടിക്ക് ശക്തമായ വേരോട്ടമുളള സ്ഥലം കൂടിയാണ്.
എന്നാൽ ലീഗ്, കോൺഗ്രസ് പാർട്ടികൾ ഇവിടെ ജമാഅത്തെ ഇസ്ലാമിയുമായി വർഷങ്ങളായി നല്ല ബന്ധത്തിലുമല്ല. ഈ ഒരു സാഹചര്യത്തിൽ സി പി എം നേതൃത്വത്തിൽ ലീഗിലേയും കോൺഗ്രസിലേയും ഒരു വിഭാഗവുമായി ചേർന്ന് ജനകീയ മുന്നണിക്ക് ശ്രമവും നടക്കുന്നുണ്ട്.
എന്നാൽ ഇവിടുത്തെ ജയം അഭിമാന പോരാട്ടമായതിനാൽ വെൽഫെയർ പാർട്ടിയും അരയും തലയും മുറുക്കി രംഗത്തുണ്ടാവും. കാരശേരി പഞ്ചായത്തിൽ കറുത്ത പറമ്പ് വാർഡാണ് വെൽഫെയർ പാർട്ടിക്ക് യു ഡി എഫ് നൽകിയത്.
കൊടിയത്തൂരിൽ രണ്ട് സീറ്റ് നൽകാമെന്നാനാണ് ധാരണ. ഒന്ന് ,14 സീറ്റുകളാണ് വെൽഫെയറിന് നൽകിയത്. ഈ രണ്ട് സീറ്റും ലീഗിന്റെതായതിനാൽ കോൺഗ്രസ് വാർഡ് 10 ലീഗിന് നൽകിയിരിക്കുകയാണ്.
ഈ വാർഡുകളിലെല്ലാം സമസ്തക്കും മുജാഹിദ് വിഭാഗങ്ങൾക്കും നല്ല ശക്തിയുളളതിനാൽ വിജയം അവരുടെ നിലപാടുകൾക്കനുസരിച്ചായിരിക്കും.
അത് കൊണ്ട് തന്നെ വെൽഫെയർ പാർട്ടി സഖ്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് യുഡിഎഫിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.