ന്യൂഡൽഹി: ടീം ഇന്ത്യയുടെ പരിശീലകനാകാൻ മുൻ ഇന്ത്യൻതാരം വിരേന്ദർ സെവാഗ് ബിസിസിഐക്ക് സമർപ്പിച്ചത് രണ്ട് വരിയുളള അപേക്ഷയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ കിംങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററാണ് താനെന്നും ഇന്ത്യൻ ടീമിലെ താരങ്ങൾക്കെല്ലാമൊപ്പം കളിച്ച് പരിചയമുണ്ടെന്നുമാണ് സെവാഗ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നതെന്നാണ് വിവരങ്ങൾ.
സെവാഗ് സ്വതസിദ്ധമായ ശൈലിയിൽ രണ്ട് വരിയുളള അപേക്ഷയാണ് നൽകിയിരിക്കുന്നതെന്നും അപേക്ഷക്കൊപ്പം ബയോഡാറ്റ പോലും ഉണ്ടായിരുന്നില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യമായി പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് തയാറെടുക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരം സമീപനമല്ല ഉണ്ടാവേണ്ടതെന്നും വിശദമായ ബയോഡാറ്റ എത്രയും വേഗം സമർപ്പിക്കാൻ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശകസമിതിയാണ് ടീം ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുമായി അഭിമുഖം നടത്തുക. നിലവിലെ ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ, ഓസ്ട്രേലിയൻ താരമായിരുന്ന ടോം മൂഡി, ലാൽചന്ദ് രജ്പുത് തുടങ്ങിയവരും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.