സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ രാത്രിയ്ക്കുശേഷം തെല്ലൊരു ശാന്തത മഴയ്ക്കുണ്ടായെങ്കിലും തൃശൂരിൽ സ്ഥിതി ഇപ്പോഴും ഭീതിദമാണ്. തൃശൂർ നഗരത്തിൽ ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്. പല റൂട്ടുകളിലും ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നു. ഓട്ടോറിക്ഷകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. കനത്ത മഴയ്ക്ക് ഇന്നലെ രാത്രിയിലും ഇന്നു രാവിലെ വരെയും കുറവുണ്ടായെങ്കിലും എട്ടുമണിയോടെ മഴ കനത്തിട്ടുണ്ട്.
തൃശൂരിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പല വഴികളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടിയതു മൂലം ജില്ലയുടെ മിക്ക ഭാഗങ്ങളിലും 24 മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.
തൃശൂർ-ഷൊർണൂർ റൂട്ടിൽ പെരിങ്ങാവ്, വിയ്യൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ കനത്ത് തുടരുകയാണെങ്കിൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടാൻ സാധ്യതയേറെയാണ്. കഴിഞ്ഞ പ്രളയത്തിൽ വിയ്യൂർ തോട് കരകവിഞ്ഞൊഴുകി തൃശൂർ – ഷൊർണൂർ റൂട്ടിൽ ദിവസങ്ങളോളം ഗതാഗതം മുടങ്ങിയിരുന്നു.
തൃശൂർ-കോഴിക്കോട് സംസ്ഥാന പാതയിൽ പുഴയ്ക്കലിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുവഴി ചെറിയ വാഹനങ്ങൾ പലതും കടത്തിവിടുന്നില്ല. ഒരു ട്രാക്കിലൂടെ മാത്രമാണ് പുഴയ്ക്കലിൽ ഗതാഗതം നിയന്ത്രിക്കുന്നത്. പുഴയ്ക്കലിൽ ഇനിയും വെള്ളം ഉയരാനുള്ള സാധ്യതയുള്ളതിനാൽ അധികം വൈകാതെ ഇതുവഴി പൂർണമായും ഗതാഗതം നിലയ്ക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. തീരദേശ മേഖലകളിലും മലയോര മേഖലകളിലും മഴ നിലച്ചിട്ടില്ല. വെള്ളക്കെട്ടും രൂക്ഷമാണ്.
വെള്ളം ഒഴിഞ്ഞുപോകാത്തതും മഴ തുടരുന്നതും സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. തൃപ്രയാർ ഹെർബർട്ട് കനാലിൽ കുളവാഴ വന്നു നിറഞ്ഞതു മൂലം പുഴ ഗതിമാറി ഒഴുകുന്നുണ്ട്.അസുരൻകുണ്ട് ഡാം തുറന്നിരിക്കുന്നതിനാൽ ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര പഞ്ചായത്തുകളിലുള്ളവരോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. തൃശൂർ-പാലക്കാട് റൂട്ടിൽ കുതിരാനിലും പട്ടിക്കാടും ഇന്ന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല.
ഇരിങ്ങാലക്കുടയിൽ കാട്ടൂർ-പഴുവിൽ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ചാലക്കുടിയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. പെരിങ്ങൽകുത്തിൽ ജലനിരപ്പ് കുറയുന്നുണ്ടെന്നാണ് രാവിലെയുള്ള റിപ്പോർട്ടുകൾ. മഴ ശക്തമായി തുടർന്നാൽ സ്ഥിതിഗതികൾ മാറിമറിയും.
വെള്ളക്കെട്ട് രൂക്ഷമായ പശ്ചാത്തലത്തിൽ ചൂണ്ടൽ-കേച്ചേരി റോഡ് അടച്ചു. അയ്യന്തോൾ കുറിഞ്യാക്കൽ തുരുത്തിൽ വെള്ളക്കെട്ടിലകപ്പെട്ട കുടുംബങ്ങളെ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ ബോട്ടുകളിൽ കയറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ റദ്ദാക്കിയത് തൃശൂരിലെ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി.