ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ച് കയറിയ വ്യക്തിയാണ് നടന് ശേഖര്‍ മേനോന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഡാ തടിയാ എന്ന ചിത്രത്തില്‍ നായകനായി എത്തിയ ആള്. ആ സിനിമ പുറത്തു വന്നപ്പോള്‍ ആളുകള്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നതാണ്, മലയാള സിനിമയുടെ ഭാഗമായി ശേഖര്‍ മേനോന് എന്ന ഈ ചെറുപ്പക്കാരന് എക്കാലവും ഉണ്ടാവും എന്ന്.
എന്നാല്‍ ഡാ തടിയായുടെ ആരവം കെട്ടടങ്ങിയതോടെ ശേഖര്‍ മേനോനെ കാണാതായി. വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ തല കാണിച്ചതൊഴിച്ചാല്‍ ബിഗ് സ്ക്രീനില്‍ കാണാനേ കിട്ടാത്ത അവസ്ഥ. അതിനുള്ള ചില കാരണങ്ങള്‍ വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ശേഖര്‍ മേനോന് ഇപ്പോള്‍.
ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശേഖറിന്റെ വാക്കുകളിങ്ങനെ…
‘തടിയുള്ളവരെ കോമഡിയായി കാണുന്നവരോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ല. എന്നെ മനുഷ്യരായി കാണുന്നവര്‍ക്ക് ഒപ്പം മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. സിനിമയില്‍ നിന്ന് ഞാന്‍ മന:പൂര്‍വ്വം ബ്രേക്ക് എടുത്തതാണ്. എനിക്ക് വരുന്ന തിരക്കഥകളില്‍ ഭൂരിഭാഗവും തടിയെ കളിയാക്കുന്നവയായിരുന്നു. ചൂഷണം ചെയ്യുന്നവയായിരുന്നു. അതിനിടെ തമിഴില്‍ ഒരു സിനിമ ചെയ്തു. അത് വളരെ വ്യത്യസ്തമായിരുന്നു. ശേഖര്‍ പറയുന്നു.
വിവാഹം കഴിക്കണം എന്ന് കരുതിയിട്ടുണ്ടായിരുന്നില്ലെന്നും ഭാര്യ മായ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടതെന്നും നടന് പറഞ്ഞു. വിവാഹത്തെക്കുറിച്ചൊന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഭക്ഷണവും സംഗീതവുമായിരുന്നു എനിക്ക് എല്ലാം. അച്ഛനും അമ്മയും എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെ നിന്നു. ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍ അവിചാരിതമായി മായയെ കണ്ടു, ഇഷ്ടത്തിലായി. അവസാനം വിവാഹിതരായി’, ശേഖര്‍ പറയുന്നു.