കുടിലില്‍ നിന്നും കളക്ടറുടെ കസേരയിലെത്തിയ രോഹിണി! ഇല്ലായ്മകളോട് പടവെട്ടി 170 വര്‍ഷത്തെ ചരിത്രം തിരുത്തിയ പെണ്‍കുട്ടിയെക്കുറിച്ചറിയാം

170 പുരുഷ കളക്ടന്മാര്‍ക്കു ശേഷമാണ് സേലത്തിന് ഒരു വനിതാ കളക്ടറെ കിട്ടുന്നത്. ഇല്ലായ്മയോട് പടപൊരുതി നേടിയ ചരിത്രമായിരുന്നു രോഹിണിയ്ക്ക് അത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുടിലില്‍ നിന്ന് കളക്ടറുടെ പദവിയിലെത്തിയ സ്ത്രീരത്‌നം. 170 വര്‍ഷത്തെ ചരിത്രമാണ് കളക്ടറുടെ പദവി കരസ്ഥമാക്കിയതോടെ രോഹിണി തിരുത്തിയത്. ഒരു കഥാരൂപത്തില്‍ പറഞ്ഞാല്‍ രോഹിണി തിരുത്തിയ ആ ചരിത്രം ഇങ്ങനെയിരിക്കും. രോഹിണിക്കു 10 വയസ്സുപോലുമായിട്ടില്ല. അന്ന് അവളുടെ ഏറ്റവും വലിയ ദുഖം അച്ഛനായിരുന്നു. പരാതികളും ആവശ്യങ്ങളുമായി എന്നും പുറത്തുപോയി നിരാശനായി തിരിച്ചെത്തുന്ന അച്ഛന്‍. കഷ്ടപ്പാടുകളും ദുരിതങ്ങളും താങ്ങാനാകാതെ സഹായം ചോദിച്ചാണ് അച്ഛന്‍ പുറത്തുപോകുന്നത്. വെറുംകയ്യോടെ എന്നും തിരിച്ചുവരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു അദ്ദേഹത്തിനു കിട്ടേണ്ട ആനുകൂല്യങ്ങള്‍.

ഒരുദിവസം രോഹിണി അച്ഛനോടു ചോദിച്ചു, ആരാണച്ഛാ നമ്മുടെ കഷ്ടപ്പാടിന്റെ ഉത്തരവാദി? ആരു വിചാരിച്ചാല്‍ നമ്മുടെ ദുരിതങ്ങള്‍ തീരും? ”ജില്ലാ കളക്ടര്‍” എന്ന് അച്ഛന്‍ മറുപടി പറഞ്ഞപ്പോള്‍ തന്നെ ആ കൊച്ചുപെണ്‍കുട്ടി ഒരുകാര്യം തീരുമാനിച്ചു, വലുതാകുമ്പോള്‍ കളക്ടറാകണം. തളര്‍ന്നു വീഴുന്ന കര്‍ഷകരെ സഹായിക്കണം. ചുവപ്പുനാടയുടെ കെട്ടഴിച്ച് ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്കു ലഭ്യമാക്കണം. ഓഫീസുകളില്‍ കയറിയിറങ്ങി നടന്നു കര്‍ഷകരുടെ കാലു തേയരുത്. വലുതാകുന്നതനുസരിച്ചു രോഹിണിയുടെ മനസ്സില്‍ ആ സ്വപ്നവും വളര്‍ന്നുകൊണ്ടിരുന്നു. ദാരിദ്ര്യവും പ്രയാസങ്ങളും പിന്നോട്ടടിക്കുമ്പോഴും മുന്നോട്ടു കുതിക്കാന്‍ ഊര്‍ജം സംഭരിച്ച സ്വപ്നം. വര്‍ഷങ്ങള്‍ക്കുശേഷം ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അതും ചരിത്രം സൃഷ്ടിച്ചുകൊണ്ട്. തമിഴ്‌നാട്ടിലെ സേലം ജില്ലയുടെ ആദ്യ വനിതാ കളക്ടറായിരിക്കുന്നു രോഹിണി. ജില്ലയുടെ 170 വര്‍ഷം നീണ്ട ചരിത്രത്തിലെ ആദ്യ വനിതാ കളക്ടര്‍. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു പാവം കര്‍ഷകന്റെ മകള്‍ രോഹിണി ഭാജിബകരെ ഇത്രനാളും ഉന്നതകുലജാതരായ പുരുഷന്‍മാര്‍ കുത്തകയാക്കിവച്ചിരുന്ന കളക്ടറുടെ കസേരയില്‍ എത്തിയിരിക്കുന്നു, രോഹിണി ബിദരി എന്ന പേരില്‍.

രോഹിണിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു. സര്‍ക്കാര്‍ കോളജില്‍നിന്നുതന്നെ എന്‍ജിനീറിംഗില്‍ ബിരുദം നേടി. സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനത്തിനു പോകാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയവും. രോഹിണി മുന്നേറിയത് കഠിനാധ്വാനത്തിന്റെ വഴിയിലൂടെ മാത്രമായിരുന്നു. എളുപ്പവഴികള്‍ തേടിയില്ല. യാദൃച്ഛികതയ്ക്കു വേണ്ടിയോ ഭാഗ്യത്തിനുവേണ്ടിയോ കാത്തുനിന്നില്ല. ആഗ്രഹിച്ചിടത്തേയ്ക്ക് ഇച്ഛാശക്തിയുടെ കരുത്തിലേറി കുതിച്ചു. ഇന്ന് ഉന്നതപദവിയില്‍ ഇരിക്കുമ്പോള്‍ കടന്നുവന്ന വഴികള്‍ രോഹിണി മറന്നിട്ടില്ല. പദവിയുടെ ഔന്നത്യത്തില്‍ അഭിരമിക്കുന്നതിനുപകരം തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ഗ്രാമങ്ങളുടെ മുഖം മാറ്റാനാണ് കളക്ടര്‍ എന്ന നിലയില്‍ രോഹിണിയുടെ പ്രഥമപരിഗണന.

വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന അഡീഷണല്‍ കളക്ടറായും മധുര ജില്ലയുടെ ഗ്രാമീണ വികസന അതോറിറ്റിയുടെ പ്രോജക്ട് ഓഫിസറായും പ്രവര്‍ത്തിച്ചതിനുശേഷമാണു രോഹിണി കളക്ടറാകുന്നത്. മധുരയില്‍ എത്തിയപ്പോള്‍ രോഹിണി ആദ്യം ചെയ്തത് പ്രാദേശിക ഭാഷ നന്നായി പഠിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഭാഷാപഠനം. ഇന്ന് നാട്ടിലെ ഒരാളായി, നാട്ടുകാര്‍ക്കൊപ്പം നിന്ന് സങ്കടങ്ങളില്‍ താങ്ങായും സഹായങ്ങള്‍ വേഗമെത്തിച്ചും വികസനത്തിനു വേഗം കൂട്ടിയും രോഹിണി മുന്നേറുന്നു. ഇനിയുമേറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആത്മവിശ്വാസത്തിനും ഇച്ഛാശക്തിയ്ക്കും കുറവില്ലാത്തതിനാല്‍കര്‍ഷക കുടുംബത്തില്‍ നിന്ന് കളക്ടറുടെ പദവിയിലെത്തിയ ഈ വനിതയ്ക്ക് ഇനിയുമേറെ ചെയ്യാനുണ്ട്. നാട്ടുകാര്‍ കാത്തിരിക്കുന്നു.

 

Related posts