കോട്ടയം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും പാലായിലാണ്. കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ പത്രിക എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികളുടേതല്ല. മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, എ ബി വാജ്പേയി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി എന്നിവർക്കെതിരേ മത്സരിച്ചു ചരിത്രം സൃഷ്ടിച്ച സേലം മേലൂർഡാം സ്വദേശി ഡോ.കെ. പത്മരാജന്റേതാണ് ആദ്യ പത്രിക.
പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥിയായി പത്മരാജൻ ഇന്നലെ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11നു കോട്ടയം കളക് ടറേറ്റിലെത്തി വരണാധികാരിയായ ശാന്തി എലിസബത്ത് തോമസ് മുന്പാകെയാണു ഹോമിയോ ഡോക്ടറായ പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ പത്രിക സമർപ്പിച്ചത്. ജീവിതത്തിലെ 205-ാമത്തെ നോമിനേഷനാണു പത്മരാജൻ ഇന്നലെ നല്കിയത്.
പത്മരാജൻ ആദ്യമായിട്ടാണു കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിനു മുന്പ് അവസാനമായി മത്സരിച്ചത് വയനാട്ടിൽ രാഹുൽ ഗാന്ധിയോടാണ്. 1988ൽ സേലം മേലൂർഡാമിൽ എം. ശ്രീധരനോടായിരുന്നു പത്മരാജന്റെ ആദ്യ മത്സരം. തുടർന്നുള്ള 204 തെഞ്ഞെടുപ്പുകളിലെല്ലാം ഇദ്ദേഹം പ്രമുഖ വ്യക്തികൾക്കെതിരെ തെരഞ്ഞടുപ്പുകളിൽ മത്സരിച്ചു.
സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാലാണു മത്സരിക്കാൻ തീരുമാനിച്ചതെന്നു ഡോ. പത്മരാജൻ പറഞ്ഞു. സേലത്തുള്ള പത്മരാജന്റെ വീടിനു പേര് നല്കിയിരിക്കുന്നതും ഇലക്ഷൻ എന്നാണ്. ഭാര്യ: ശ്രീജ നന്പ്യാർ, ഏകമകൻ ശ്രീജേഷ് പത്മരാജൻ. വരും ദിവസങ്ങളിൽ പാലാ മണ്ഡലത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണു പത്മരാജൻ തീരുമാനിച്ചിരിക്കുന്നത്.