സേലം: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം.
അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് (50), അറമുഖം(48), അറമുഖത്തിെൻ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വിഗ്നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വിഗ്നേഷ്.
അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേഗതയിലായിരുന്ന മിനി വാൻ ലോറിക്കുള്ളിലേക്ക് പൂർണമായും ഇടിച്ചുകയറിയതിനാൽ തന്നെ അപകടത്തിന്റെ ആഘാതവും കൂടി.
നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശങ്കരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. സേലം സ്വദേശിയായ രാജാദുരൈയുമായി രണ്ടുവർഷം മുന്പാണ് പ്രിയ വിവാഹിതയാകുന്നത്. ഇരുവരും പിരിയാൻ തീരുമാനിച്ചതിനെതുടർന്ന് രാജദുരൈയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം പ്രിയയെയും മകളെയും സേലത്തുനിന്നും പെരുതുറൈക്ക് കൂട്ടികൊണ്ടുവരുന്നതിനിടെയാണ് അപകടം.