മാര്‍ച്ച് 11 ലോക വൃക്കദിനമായി ലോകം ആഘോഷിച്ചപ്പോള്‍ സൂപ്പര്‍ ഗായിക സെലീന ഗോമസിന്റെ ഒരു ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്. ട്വീറ്റില്‍ തന്റെ പ്രിയ സുഹൃത്തിന് എല്ലാ നന്ദിയും അറിയിക്കുകയാണ് താരം.
നാല് വര്‍ഷം മുമ്പ് സ്വന്തം വൃക്ക നല്‍കി തന്റെ ജീവന്‍ രക്ഷിച്ച ഫ്രാന്‍സിയ റാസിയയോടുള്ള നന്ദിയാണ് സെലീന ട്വിറ്ററില്‍ പങ്കുവച്ചത്.
ആദ്യം താനിത് രഹസ്യമാക്കി വയ്ക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഇതേ പറ്റി തുറന്നു പറയാന്‍ ധൈര്യമുണ്ടായെന്നും മറ്റുള്ളവരെ വൃക്ക ദാനത്തെ പറ്റി ബോധവാന്മാരാക്കാന്‍ തന്റെ അനുഭവം തുറന്നു പറയുകയാണെന്നും കൂട്ടുകാരിയായ ഫ്രാന്‍സി ഇത്തവണത്തെ വൃക്കദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി താരം രേഖപ്പെടുത്തുന്നത്.
2017 ലാണ് വൃക്കരോഗത്തെ തുടര്‍ന്ന് സെലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കൂട്ടുകാരിയായ ഫ്രാന്‍സിയ, സെലീനയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറായത്.
പിന്നീട് ഈ സംഭവം പുറത്തു വന്നപ്പോള്‍ ഫ്രാന്‍സിയയുടെ മനസ്സിനെ നിരവധിപ്പേരാണ് പ്രശംസിച്ചത്. ശസ്ത്രക്രിയക്ക് ശേഷം കൂട്ടുകാരികള്‍ ഇരുവരും കൈകോര്‍ത്ത് ആശുപത്രികിടക്കയില്‍ കിടക്കുന്ന ചിത്രം അന്ന് സെലീന പങ്കുവച്ചിരുന്നു.
‘ അവള്‍ എനിക്കുവേണ്ടി ഏറ്റവും അമൂല്യമായ സമ്മാനമാണ് തന്നത്. ഏറ്റവും വലിയ ത്യാഗമാണ് ചെയ്തത്. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. ഐ ലവ് യു സോ മച്ച് സിസ് എന്നാണ് അന്ന് സെലീന ചിത്രത്തിനൊപ്പം കുറിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോപ് ഗായികമാരില്‍ ഒരാളാണ് സെലീന ഗോമസ്. അരിയാനെ ഗ്രാന്‍ഡെ കഴിഞ്ഞാല്‍ ലോകത്ത് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഗായികയും സെലീനയാണ്.