ഒറ്റപ്പാലം: വിശ്വാസം അതാണ് എല്ലാം….. ഇതൊരു പരസ്യവാചകമല്ല, പനമണ്ണ സെൽഫി പച്ചക്കറി കടയുടെ പ്രവർത്തനം ഇത്തരത്തിലാണ്.
ഉപഭോക്താക്കൾ സ്വയം പച്ചക്കറി തെരഞ്ഞെടുത്ത് തുക പണപ്പെട്ടിയിൽ നിക്ഷേപിക്കുന്ന പരസ്പര വിശ്വാസ ’സെൽഫി പച്ചക്കറിക്കട’യുടെ കഥയാണിത്.
ഉപഭോക്താക്കളെ പൂർണമായും വിശ്വാസത്തിലെടുത്താണ് ഇവിടുത്തെ കച്ചവടം. ഇതൊരു ശുഭദായകമായ തുടക്കമാണ്.
കേട്ടുകേൾവിയില്ലാത്ത ഈ നൂതന ഉദ്യമത്തിന് തുടക്കം കുറിച്ചത് പനമണ്ണ അന്പലവട്ടം പള്ളത്തുപടി പച്ചക്കറി ഉത്പാദകസംഘത്തിലെ കർഷകരായ പി. സംപ്രീത്, കെ. അനിൽകുമാർ, കെ.പി. ചാമി, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് സി.പി. മുരളി എന്നിവരാണ്.
വിഷു തലേന്നും വൻ കച്ചവടമാണ് ഇവിടെ ഉണ്ടായത്. ഒറ്റപ്പാലം സർവീസ് സഹകരണ മാർക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിച്ചാണ് പച്ചക്കറിക്കടയുടെ പ്രവർത്തനം.
തൂക്കവും വിലയുമെഴുതി, കെട്ടുകളാക്കിവെയ്ക്കുന്ന പച്ചക്കറികൾ ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
തുക മൊത്തം കൂട്ടി പണപ്പെട്ടിയിൽ നിക്ഷേപിക്കാം. മത്തൻ, കുന്പളം, വെണ്ട, പാവൽ, പയർ തുടങ്ങി സംഘം ഉത്പാദിപ്പിക്കുന്ന ഏകദേശം പത്തുതരം പച്ചക്കറികളാണ് വിൽപ്പനക്കുള്ളത്.
ഇതുകൂടാതെ, കർഷകരിൽനിന്ന് ലഭ്യമാക്കുന്ന പച്ചക്കറികളും ഇനി മുതൽ വില്പനയ്ക്കുണ്ടാകും.
ആദ്യഘട്ടത്തിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവർത്തന സമയം.
വാണിയംകുളം വിഎഫ്പിസികെ യിലാണ് ഇപ്പോൾ പച്ചക്കറി നൽകുന്നത്. വിഷാംശമില്ലാത്ത പച്ചക്കറി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.
പനമണ്ണയിലെ തരിശുകിടന്നിരുന്ന 4.5 ഏക്കറിലാണ് 14 കർഷകരടങ്ങുന്ന സംഘം കൃഷി ചെയ്തത്.
കഴിഞ്ഞ ദിവസം 1,500 കിലോ കണിവെള്ളരി ഹോർട്ടികോർപ്പിന് കൈമാറി. മാർക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിൽ തന്നെയാണ് പച്ചക്കറിക്കട പ്രവർത്തനം.
പണം വാങ്ങാൻ ആളില്ലാത്തതും തൂക്കത്തിന് അനുസരിച്ച് പച്ചക്കറിയെടുത്ത് പെട്ടിയിൽ പണം ഇട്ടാൽ മതി എന്നതും പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ കച്ചവടമാണ് ഇവിടെ നടക്കുന്നത് എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന സവിശേഷത.