കണ്ണൂർ: സെൽഫി കാരണം ഇപ്പോൾ ശരിക്കും പൊറുതി മുട്ടിയത് സ്ഥാനാർഥികളാണ്. വോട്ടല്ലെ സെൽഫിക്കാരെ പിണക്കാനും വയ്യ എന്ന സ്ഥിതിയാണ് സ്ഥാനാർഥികൾക്ക്. എന്നാൽ സെൽഫിക്കുനിന്ന് കൊടുത്താൽ അടുത്ത സ്വീകരണ കേന്ദ്രത്തിൽ സമയത്തിന് ഓടിയെത്താനും കഴിയില്ല.
സ്ഥാനാർഥികളെ ഒപ്പം നിർത്തി സെൽഫിയെടുക്കാൻ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാരുടെ തിരക്കാണ്. കുട്ടികളും യുവാക്കളുമാണ് സെൽഫിയെടുക്കാൻ മത്സരിക്കുന്നത്. പ്രസംഗം കഴിഞ്ഞാൽ പിന്നെ സ്ഥാനാർഥികൾ ചുറ്റുമൊരു നോട്ടമാണ്, സെൽഫിയെടുക്കാൻ ആരുമില്ലേയെന്ന മട്ടിൽ. അപ്പോ ചാടിവീഴും സെൽഫി പിള്ളേർ. വോട്ടർമാരിൽനിന്ന് മൊബൈൽ ഫോണ് വാങ്ങി സെൽഫിയെടുത്ത് നൽകുന്ന സ്ഥാനാർഥികളുമുണ്ട്.
സെൽഫിയെടുക്കാനെത്തുന്നവരെ പിണക്കി തിരിച്ചയച്ചാലും പെട്ടത് തന്നെ. ദിവസങ്ങൾക്ക് മുന്പ് പ്രചാരണത്തിനിടെ എംപിയുടെ പുറകിൽ നിന്നിരുന്ന വിദ്യാർഥി സെൽഫിയെടുക്കാൻ തോളിൽ കൈവച്ചതിനെ തുടർന്ന് തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി ക്ഷുഭിതനായത് പുകിലായിരുന്നു. വോട്ടർമാരെ വലയിലാക്കാനുള്ള ഒരു സന്ദർഭവും ഒഴിവാക്കരുതെന്ന് നന്നായറിയാവുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ സെൽഫിക്ക് കൂടി സമയം മാറ്റി വെക്കാനും തുടങ്ങിയിട്ടുണ്ട്.
പര്യടന പരിപാടി നിശ്ചയിക്കുന്പോൾ സെൽഫി സമയം കൂടി പരിഗണിക്കേണ്ട അവസ്ഥയാണ്. സെൽഫിയുടെ എണ്ണം കൂടുന്നതോടെ തല ചൊറിയുന്നത് സ്ഥാനാർത്ഥികളുടെ മാനേജർമാരാണ്. സ്ഥാനാർഥി പര്യടനം സമയ നിഷ്ഠ പാലിച്ച് തീർക്കേണ്ട ഉത്തരവാദിത്തം മാനേജർമാർക്കാണ്. എന്നാൽ സ്വീകരണ കേന്ദ്രത്തിൽ നിശ്ചയിച്ച സമയവും കടക്കുന്നതോടെ മാനേജർമാർ സ്ഥാനാർഥികളുടെ മുന്നിലെത്തി വാച്ചിൽ സമയം നോക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഒഴിവാക്കാനാകാത്ത കാര്യമായി സെൽഫിയെടുപ്പ് മാറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് സെൽഫി തെരഞ്ഞെടുപ്പിലെ ഒരു പ്രധാന കാര്യ പരിപാടിയായി മാറിയത്. ഒരു സെൽഫിക്ക് നിന്നാൽ നൂറു കണക്കിന് ആളുകളിലേക്ക് ഗ്രൂപ്പുകൾ വഴി പ്രചാരണം എത്തുമെന്നത് കൊണ്ട് തന്നെ സെൽഫി ചില്ലറക്കാര്യമല്ലെന്ന് സ്ഥാനാർഥികൾക്കും നന്നായറിയാം.അത് കൊണ്ട് തന്നെ സ്ഥാനാർഥികളും സെൽഫി നന്നായി ആഘോഷിക്കുകയാണ്.