പയ്യന്നൂര്‍: രണ്ടുമക്കളുടെ മാതാവായ യുവതിയെ അപമാനിക്കാനായി കരുതിക്കൂട്ടി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെ യുവതി കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവായും മകളുടെ പിതാവായും ചമഞ്ഞുള്ള ഫേസ്ബുക്ക് പ്രചാരണത്തിനെതിരെ പുഞ്ചക്കാട് സ്വദേശിനി പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെടുക്കാൻ ഉത്തരവ്.
വിവാഹ മോചിതയായി കഴിയുന്ന പരാതിക്കാരിയുടെ പിതൃസഹോദരിയുടെ മകനെതിരേയാണ് പരാതി. ബഹ്റിനിലെ ജോലി മതിയാക്കിയെത്തിയ യുവാവ് ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന യുവതിയുടെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞാണ് അടുത്ത് കൂടിയതെന്നും പിന്നീട് ചതിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരിയും മക്കളും പയ്യാമ്പലം ബീച്ചില്‍ പോയപ്പോള്‍ അവിടെയെത്തിയ സഹോദര സ്ഥാനത്തുള്ള യുവാവ് തനിക്കും കുട്ടികള്‍ക്കുമൊപ്പം ധാരാളം സെല്ഫികളെടുത്തിരുന്നു. അതിന് ശേഷം ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം എട്ട് വര്‍ഷമായി ഇയാളുടെ കൂടെയാണ് താന്‍ താമസിക്കുന്നതെന്നും മറ്റുമുള്ള സന്ദേശങ്ങളാണ് പ്രചരിപ്പിച്ചത്. ഇയാളുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ പരാതിക്കാരിയെ വിവാഹം ചെയ്തതായും ഇളയകുട്ടി ഇയാളുടേതാണെന്നും പ്രചരിപ്പിക്കുന്നു.
ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജോലിസ്ഥലത്തും ശല്യം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ തനിക്ക് ജോലിയുപേക്ഷിക്കേണ്ടിവന്നതായും കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരേയും മാതൃത്വത്തെ അപമാനിച്ച് മാനഹാനി വരുത്താന്‍ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്തതിനെതിരേയും നടപടിയെടുക്കണമെന്നും പോലീസിന് മുമ്പ് പരാതി നല്‍കിയിരുന്നതായും ഹര്‍ജിയിലുണ്ട്. അപേക്ഷ പരിഗണിച്ച കോടതി പോലീസിനോട് നടപടിയെടുക്കാന്‍ ഉത്തരവിട്ടു.