കോട്ടയം: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നു സെൽഫിയെടുത്ത് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. വയനാട്ടിലെ വീട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത സെൽഫിയാണ് കണ്ണന്താനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്നത്- സെൽഫിക്കൊപ്പം കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ മന്ത്രിക്കെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇതോടെ പേജിൽനിന്നു മന്ത്രി പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇത് ആദ്യമായല്ല, കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പുലിവാലു പിടിപ്പിക്കുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ കാന്പിൽ പോയി കിടന്നുറങ്ങിയ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച കണ്ണന്താനത്തിനു നേരെ ട്രോളുകളുണ്ടായിരുന്നു.