ന്യൂഡൽഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സെൽഫി എടുക്കാൻ വന്ന വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച് കര്‍ണാടക മന്ത്രി. സംസ്ഥാനത്തെ വൈദ്യുതിമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറാണ് വിദ്യാർഥിയോട് ക്ഷൂഭിതനായത്.
ബൽഗാമിലെ കോളജിൽ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പിന്നിലൂടെ എത്തിയ വിദ്യാർഥി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ ക്ഷൂഭിതനായ മന്ത്രി വിദ്യാർഥിയുടെ കൈയിൽ ആഞ്ഞടിച്ച് ഫോൺ തട്ടി തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളുമായി സംസാരം തുടരുകയും ചെയ്തു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. താൻ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ എങ്ങനെയാണ് ഒരാൾക്ക് സെൽഫി എടുക്കാൻ സാധിക്കുക, സമാന്യ ബോധം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.