കെയ്റോ: ഈജിപ്തിൽ സിനിമാ താരത്തെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനാണ് പൈലറ്റിന്റെ അനുവാദത്തോടെ കോക്പിറ്റിൽ കയറിയത്. വിമാനം പറന്നുകൊണ്ടിരിക്കെ കോക്പിറ്റിലേക്ക് കയറി സഹപൈലറ്റിന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ച റമദാൻ ഇതിന്റെ വീഡിയോ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഏഴ് മില്യണിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള തന്റെ യൂട്യൂബ് ചാനലിലേക്കും ട്വിറ്റർ- ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്കുമാണ് റമദാൻ വീഡിയോ പോസ്റ്റ് ചെയ്തത്. “ജീവിതത്തിലാദ്യമായി വിമാനം പറത്താൻ പോകുന്നുവെന്ന്’ പോസ്റ്റിനൊപ്പം താരം പറയുന്നുമുണ്ട്. പൈലറ്റിന് മാത്രം നിയന്ത്രിക്കാൻ അനുവാദമുള്ള വിമാനത്തിന്റെ കൺട്രോൾ വീലിൽ കൈവച്ചുകൊണ്ടാണ് റമദാൻ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുൾപ്പടെ നിരവധിപ്പേർ റമദാനെതിരെ രംഗത്തു വന്നു. താരത്തെ ബഹിഷ്കരിക്കണമെന്നും നടപടിയെടുക്കമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയും ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ വകുപ്പ് കർശന നടപടികളെടുത്തത്.
പൈലറ്റിന് ആജീവനാന്ത വിലക്കും സഹപൈലറ്റിന് ഒരു വർഷത്തെ വിലക്കുമാണ് നൽകിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഈജിപ്ഷ്യൻ എയർലൈൻസ് യാതൊരു വിട്ടുവീവ്ചയ്ക്കും തയാറല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ കോക്പിറ്റിൽ കയറരുത് എന്ന നിയമം ഏവർക്കും അറിയാവുന്നതാണെന്നും അത് ലംഘിച്ച താരത്തിനെതിരെ എന്തു നടപടിയാണ് ഉണ്ടാവുകയെന്ന് പിന്നീട് അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.