സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വനിതാ എംപിമാർക്കൊപ്പം സെൽഫിയെടുത്ത ശശി തരൂരിനെതിരേ വിമർശനം.
വിവിധ പാർട്ടികളിൽനിന്നുമുള്ള വനിതാ എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രം ശശി തരൂർ അടിക്കുറുപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചിലർ വിമർശനങ്ങളുമായി എത്തിയത്.
ജോലി ചെയ്യുന്നതിന് ലോകസഭ ഒരു ആകർഷകമായ സ്ഥലമാണെന്ന അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് കാരണമായത്.
തൃണമൂൽ എംപിമാരായ നസ്രത് ജഹാൻ, മിമി ചക്രബർത്തി, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ, എൻസിപി എംപി സുപ്രിയ സുലെ, കോണ്ഗ്രസ് എംപി മാരായ ജോതിമണി, തമിഴച്ചി തങ്കപാണ്ഡ്യ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്.
സ്ത്രീകളുടെ അന്തസിന് ഇണങ്ങുന്ന വിധത്തിലുള്ള പ്രസ്താവനയല്ല ശശി തരൂർ പങ്കുവച്ചത് എന്നായിരുന്നു ചിലർ ഉയർത്തിയ വിമർശനം.
വിമർശനങ്ങളെ തുടർന്ന് ശശി തരൂർ ഖേദം പ്രകടിപ്പിച്ചു. തൃണമൂൽ എംപിയും സിനിമാ താരവുമായ മിമി ചക്രബർത്തി സെൽഫി എടുത്തത് താനാണെന്നും തരൂർ അല്ലെന്നും വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ കോണ്ഗ്രസ് നേതാവും ലോകസഭാ എംപിയുമായ കാർത്തി ചിദംബരം തരൂരിനും തൃണമൂൽ എംപി മഹുവ മൊയ്ത്രക്കും ഒപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് ശശി തരൂരിന് പിന്തുണയുമായി എത്തി.
ഇതൊരു വിവാദമാകില്ലെന്ന് കരുതുന്നു എന്ന അടിക്കു റിപ്പോടെയാണ് ചിദംബരം ട്വീറ്റ് ചെയ്തത്.
ചിദംബരത്തിന്റെ ട്വീറ്റ് പങ്കുവച്ച ശശി തരൂർ നർമബോധം ഇല്ലാത്തവരോട് ഖേദം രേഖപ്പെടുത്തുന്നതായും അറിയിച്ചു.