കിളിമാനൂര്‍: ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ശനിയാഴ്്ച വൈകുന്നേരം പകല്‍ക്കുറി പള്ളിക്കല്‍ പുഴയില്‍ കാണാതായ കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാം മുകളില്‍ പുത്തന്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ (21) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.
ഇവരോടൊപ്പം നദിയില്‍ കാണാതായ പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ അന്‍സലിന്റെ (23) മൃതദേഹം ശനിയാഴ്്ച വൈകുന്നേരംതന്നെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 16ന് വിവാഹിതരായ നൗഫിയയും സിദ്ദിഖും ശനിയാഴ്ച്ച അന്‍സലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. തുടര്‍ന്ന് നദി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായാണ് നദിക്കരയില്‍ എത്തിയത്.
ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി നദിയില്‍ വീണ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്പോൾ അന്‍സിലും അപകടത്തില്‍പ്പെടുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മീന്‍ പിടിക്കാന്‍ വന്നവര്‍ ബൈക്കുകളും ചെരുപ്പും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
പള്ളിക്കല്‍ പോലീസ് കേസെടുത്ത് മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.