പാലക്കാട്: സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിവിയൻ രാധാകൃഷ്ണന്റെ സെൽഫി ദുരന്തം കേസിലും പൊല്ലാപ്പിലേക്കും നീളുമോ. കഴിഞ്ഞദിവസങ്ങളിലാണ് കേരളത്തിലെ ഏറ്റവും വലിയ സെൽഫി ദുരന്തം എന്ന പേരിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അപകടദൃശ്യമെന്നു കരുതി എല്ലാവരും ഞെട്ടുന്പോൾ അതൊരു സിനിമയുടെ ട്രെയ്ലറായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിലേക്കു നീളുന്നത്.
ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫിയെടുക്കുന്പോൾ സമീപം വെള്ളംകോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെപ്രചാരം നേടി. അപകടദൃശ്യമാണെന്നു കരുതി പലരും കിണറിനുവേലികെട്ടാത്ത വീട്ടുകാരെ വിമർശിച്ചു.
മറ്റുചിലർ കിണറ്റിൽ വീണ അമ്മൂമ്മയെ സഹായിക്കാനായി ധനസമാഹരണത്തിനുവരെ പദ്ധതിയിട്ടു. അപ്പോഴാണ് ഈ ദൃശ്യം ഒരു സിനിമയുടെ ഭാഗമായുള്ള ട്രെയ്ലർ ആണെന്ന വാദവുമായി ചിത്രത്തിന്റെ സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ രംഗത്തെത്തുന്നത്.
കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച രാജലക്ഷ്മിയേയും ഒപ്പംകൂട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനെ തുറന്നുകാട്ടാനാണ് ചിത്രത്തിലെ ഈ ദൃശ്യത്തിലൂടെ താൻ ശ്രമിച്ചെന്നുമാണ് സംവിധായകന്റെ അഭിപ്രായം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് ഒരു ശുദ്ധീകരണം ആവശ്യമാണെന്ന് തെളിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ധാർമികതയുടെ പ്രശ്നമുയരുന്നുണ്ടെങ്കിലും വസ്തുത വെളിപ്പെടുന്പോൾ അതില്ലാതാകുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ ദൃശ്യത്തിനെതിരെ നോഡൽ ഓഫീസർ സൈബർ ഡോം ഐജി മനോജ് എബ്രഹാം രംഗത്തെത്തിയിട്ടുണ്ട്.
തെറ്റിദ്ധാരണ പരത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത് എന്തിന്റെ പേരിലായാലും തെറ്റാണെന്നും കേസിൽ പരാതി കിട്ടിയിൽ ഐടി നിയമമനുസരിച്ച് നടപടിയെടുക്കുമെന്നുമാണ് ഐജി പറയുന്നത്.
ബോധവത്കരണം എന്ന പേരിൽ എന്തും ചെയ്യാൻ ആരേയും അനുവദിക്കില്ല. സിനിമയുടെ ദൃശ്യം പ്രചരിപ്പിക്കുന്നതു തെറ്റല്ല. എന്നാലത് സിനിമയാണെന്ന് വ്യക്തമായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്തായാലും കഴിഞ്ഞദിവസംവരെ അന്പതുലക്ഷത്തോളംപേർ കണ്ട് ഞെട്ടിയ വീഡിയോ വരും നാളുകളിൽ കേസിന്റെ പിന്നാലെ പായുമോ എന്നാണ് സംസാരം.