തിരുവല്ല: പാലം തകർന്നു വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്നു ജീവനുകൾക്കു രക്ഷയേകിയത് ജിജി മോളുടെ അതിസാഹസികത.
പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ ഏബ്രഹാ(45)മാണ് വിലപ്പെട്ട മൂന്നു ജീവനുകൾക്കു രക്ഷകയായത്.
ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വേങ്ങൽ ചെമ്പരത്തി മൂട്ടിൽ വിനീത് കോട്ടേജിൽ സിജിൻ സണ്ണി (28), ഭാര്യ മെർലിൻ വർഗീസ് (25), സിജിന്റെ മാതൃ സഹോദരി പുത്രൻ മുംബൈയിൽ താമസമാക്കിയിട്ടുള്ള വിനീത് വർഗീസ് (27) എന്നിവരെയാണ് ജിജിമോൾ ജീവിതത്തിലേക്കു തിരികെ എത്തിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം.
വേങ്ങൽ പാടശേഖരത്തിലേക്കു പോകാനായി തെക്കേച്ചറപ്പടിയിൽ നിർമിച്ചിരുന്ന ഇരുമ്പ് നിർമിത നടപ്പാലമാണ് തകർന്നു വീണത്.
വേങ്ങൽ – വേളൂർ മുണ്ടകം റോഡിന്റെ വശം ചേർന്ന് ഒഴുകുന്ന 25 അടിയോളം വീതിയും പത്തടിയിലേറെ താഴ്ചയും ശക്തമായ ഒഴുക്കുമുള്ള തോടിന്റെ മധ്യഭാഗത്തേക്കു പാലം തകർന്നു മൂവരും വീഴുകയായിരുന്നു.
വേങ്ങൽ പാടത്തിന്റെ ഫോട്ടോകൾ പകർത്തിയ ശേഷം തിരികെ വരുന്പോഴായിരുന്നു അപകടം. നീന്തൽ വശമില്ലാത്ത മൂവരും പരസ്പരം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു.
പുഷ്പഗിരി ആശുപത്രിയിൽ കോഫി സ്റ്റാൾ നടത്തുന്ന ജിജിമോൾ ജോലിക്കായി സ്കൂട്ടറിൽ പോകുന്പോഴാണ് മൂന്നുപേർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്.
ഉടൻതന്നെ ബഹളംവച്ചു സമീപവാസികളെ അറിയിച്ച ശേഷം തോട്ടിലേക്കു ചാടി. ഓരോരുത്തരെയായി തോടിന്റെ അരികിലേക്ക് എത്തിച്ചു.
തുടർന്നു ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ചേർന്നു നാലുപേരെയും വെള്ളത്തിൽനിന്നു കരയ്ക്കു കയറ്റി.