ഇന്നു സുപരിചിതമായൊരു വാക്കാണ് സെല്‍ഫി. പ്രായഭേദമില്ലാതെയാണ് ഈ വാക്കും ടെക്നോളജിയും എല്ലാവരും ഉപയോഗിക്കുന്നത്. ഇന്ന് ലോകത്തില്‍ സെല്‍ഫി ഉപയോഗിക്കാത്തവര്‍ ചുരുക്കം എന്നു തന്നെ പറയുവാന്‍ സാധിക്കും. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ വിപത്ത് ഒളിഞ്ഞിരിപ്പുണ്ട്. ലോകത്ത് സെല്‍ഫി എടുക്കുന്നതിനിടെ പൊലിഞ്ഞത് 127 ജീവനുകളാണ്. 2014 ജനുവരി മുതല്‍ 2016 സെപ്റ്റംബര്‍ വരെയുളള കണക്കനുസരിച്ചാണ് ഈ വിലയിരുത്തല്‍. അപകട മേഖലകളില്‍ സ്വന്തം ജീവന് പണയംവെച്ചുസെല്ഫിയെടുത്തവരുടെ ജീവനുകളാണ് പൊലിഞ്ഞത്.
സെല്‍ഫിയെടുക്കുമ്പോള്‍ അപകടം ഒഴിവാക്കുന്നതിനായി ഒരു ആപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ടത്രേ. പേരു വ്യക്തമാക്കാത്ത ഒരു ആപ്പാണ് നിലവില്‍ വരുന്നത്. ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ടിലെ പൊന്നുരുങ്കം കുമരഗുരുവും മറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുമാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചുറ്റുപാടുകളെ മനസിലാക്കി സെല്‍ഫിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ടെക്നോളജിയാണ് ഇതിലൂടെ വരുന്നത്. സുരക്ഷിതയായ മേഖലയിലല്ല നാം നില്ക്കുന്നതെങ്കില് കാമറ ഓഫാകുകയും ഫോട്ടോയെടുക്കാന്‍ കഴിയാതെയും വരുന്നു.
ഇതിലൂടെ വ്യക്തികള്‍ക്ക് മികച്ച ഒരു മുന്നറിയിപ്പാണ് ലഭ്യമാകുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മികച്ച സെല്‍ഫിക്കുവേണ്ടി പരിസരം മറന്നുളള അപകടകരമായ അവസ്ഥകള്‍ ഇല്ലാതാക്കുക എന്ന ആശയത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യ ജനിക്കുന്നത്. സെല്‍ഫി ഇന്ന് നിര്‍ത്തലാക്കുവാന്‍ സാധിക്കാതെ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന സാങ്കേതിക വിദ്യയാണ്. പുതിയ ആപ്പ് വരുന്നതോടെ പേടിക്കാതെ സെല്‍ഫിയെടുക്കാനുളള അവസരമാണ് കൈവരുന്നത്.