ഇരിട്ടി: വിളക്കോട് ചാക്കാട് കാട്ടാനയുടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് മദ്യലഹരിയില്‍ സാമൂഹ്യ വിരുദ്ധ ശല്യം ചെയ്യാന്‍ ശ്രമിച്ചതിന് കേസെടുത്തു. വട്ട്യറ സ്വദേശി വി. സുരേഷി (36)നെതിരെയാണ് കേസെടുത്തത്.
കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി വ്യാപക അക്രമം നടത്തുമ്പോള്‍ ആരും ആനയുടെ അടുത്ത് പോകരുതെന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പലതവണ മൈക്ക് പ്രചരണം നടത്തുന്നതിനിടയിലാണ് യുവാവ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കാട്ടാനയുടെ മുന്നിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്ന് മുഴക്കുന്ന് എസ്ഐ പി. വിജേഷ് പറഞ്ഞു.
ആന യുവാവിനെ കണ്ട ഉടന്‍ പിന്നാലെ ഓടിയെങ്കിലും തലനാരിഴക്ക് തുമ്പിക്കയ്യില്‍ അകപെടാതിരിന്നതിനാല് ദുരന്തം വഴിമാറി. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടിയപ്പോള്‍ തന്റെ വിദേശത്തുളള സുഹൃത്തിന് ആനയുടെ സെല്ഫിയയക്കാനെന്നാണ് മൊഴി നല്‍കിയത്.
ഹര്‍ത്താലായിട്ടും നിരവധി പേരാണ് കാട്ടാനയുടെ ചിത്രം പകര്‍ത്താനും കാണാനുമായി തടിച്ച് കൂടിയത്. ഇത് പലപ്പോഴും പോലീസും വനം വകുപ്പിനും കാട്ടാനയെ റോഡില്‍ നിന്നും വനത്തിലേക്ക് ഓടിക്കുന്നതിന് തടസമായി.