സ്വന്തം ലേഖകൻ
കണ്ണൂർ: നേതാക്കളുടെ ഒപ്പമുള്ള അണികളുടെ ” സെൽഫി’ വിലക്കാൻ സിപിഎം.സ്വർണക്കടത്ത്, ക്വട്ടേഷൻ, മറ്റ് ക്രിമിനൽ കേസുകളിൽപ്പെട്ട പ്രതികൾ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കുന്നതെന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുനൻ ആയങ്കിയുടെ സിപിഎം നേതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇയാളെ സിപിഎമ്മിൽനിന്നു പുറത്താക്കിയെന്നു പറയുന്പോഴും നേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ചാണ് പലതും നേടിയെടുത്തത്.
കൂടാതെ, ശുഹൈബ്, ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളുടെ നേതാക്കൻമാർക്കൊപ്പമുള്ള ചിത്രങ്ങളും വിവാദമായിരുന്നു.
ടി.പി. വധക്കേസുമായി ബന്ധപ്പെട്ട പ്രതികളായ ഷാഫിയുടെയും കൊടി സുനിയുടെയും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തുന്നതും പൊട്ടിക്കൽ സംഘങ്ങളുടെ പതിവാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കൂടാതെ, സിപിഎം-ഡിവൈഎഫ്ഐയുമായി ബന്ധപ്പെടുന്ന സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാനും സിപിഎമ്മിന്റെ സൈബർ വിംഗിന് നിർദേശം ഉണ്ട്.
സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലിൽ ഇടതുപക്ഷ സഹയാത്രികനായി വിലസുന്നവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് നിർദേശം.
സ്വർണക്കടത്ത്, കഞ്ചാവ് അടക്കമുള്ള കേസുകളുമായി ഇവർക്കു ബന്ധമുണ്ടെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഇവരെ ചൂണ്ടിക്കാണിക്കാനാണ് ഡിവൈഎഫ്ഐയുടെ നിർദേശം.
പാർട്ടിയുടെ കർശന നിലപാടിനെത്തുടർന്നാണ് പി.ജെ. ആർമി എന്ന ഫേസ്ബുക്ക് പേജ് റെഡ് ആർമി എന്നാക്കി മാറ്റിയത്.