
ഷൊർണൂർ: റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇനി മുതൽ സെൽഫി എടുക്കുന്നവർ കുടുങ്ങും. ഓപ്പറേഷൻ സെൽഫിയുമായി റെയിൽവേ പോലീസ് നടപടി തുടങ്ങി. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽനിന്നുമെല്ലാം സെൽഫി എടുക്കരുതെന്നാണ് റെയിൽവേ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരക്കാരെ പിടികൂടുന്നതിനു കർശന നടപടിയെടുക്കാനാണ് തീരുമാനം. ചട്ടം ലംഘിക്കുന്നവർക്കെതിരേ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം കേസെടുക്കും. ട്രെയിനിന്റെ മുകൾഭാഗം, ചവിട്ടുപടി, എൻജിൻ എന്നിവിടങ്ങളിൽനിന്നു യാത്ര ചെയ്യുന്നതും ശിക്ഷാർഹമാണ്.
ചട്ടം ലംഘിക്കുന്നവർക്ക് പിഴയോ തടവോ ഇതു രണ്ടും കൂടിയോ ലഭിക്കും. എന്നാൽ സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നു സെൽഫിയെടുക്കാൻ ഒരു നിയന്ത്രണവുമില്ല. എന്നാൽ ഈ മേഖലകൾ ഏതെല്ലാമാണെന്നു റെയിൽവേ പോലീസ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചെന്നൈ നഗരത്തിൽ മാത്രമാണ് മേൽപ്പറഞ്ഞ നിയമം ഉണ്ടായിരുന്നത്. എന്നാൽ ഇതു മുഴുവൻ സ്ഥലങ്ങളിലേക്കും റെയിൽവേ ഇതിനകം ബാധകമാക്കിയിരിക്കുകയാണ്.
നിർത്തിയിട്ട ട്രെയിനുകൾക്കു മുകളിൽ നിന്നു സെൽഫിയെടുക്കുന്നതു വർധിച്ചുവരികയാണ്. ഇതുവഴി വൈദ്യുതി ആഘാതമേറ്റ് മരിക്കുന്നതും ആവർത്തിക്കുകയാണ്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ കർശന നടപടിയുമായി ഇറങ്ങിയിരിക്കുന്നത്.
അതേസമയം റെയിൽവേ പോലീസ് ചട്ടം എത്രമാത്രം കാര്യക്ഷമമായി നടപ്പാക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=198841#sthash.r7lMMJvw.dpuf