സെല്‍ഫിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് യുവാക്കള്‍. ഒരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില് പാതാളത്തില്‍ പോയി സെല്‍ഫിയെടുക്കാനും യുവാക്കള്‍ ഒരുക്കമാണ്. അപൂര്‍വ്വ സെല്‍ഫി തേടിപ്പോയ യുവാവിനു കിട്ടിയ എട്ടിന്റെ പണിയെപ്പറ്റി നിങ്ങള്‍ കേട്ടോ. ഗുജറാത്തിലെ വഡോദരയില്‍നിന്നാണ് ഈ വാര്‍ത്ത. ഗുജറാത്തിലെ വഡോദര സ്വദേശി യാഹേഷ് ബരോടാണ് മൂര്‍ഖനൊപ്പം സെല്‍ഫിയെടുത്തു പുലിവാലു പിടിച്ചത്. 1000 രൂപയ്ക്ക് മൂര്‍ഖന്‍ വില്‍പ്പനയ്ക്കെന്ന അടിക്കുറിപ്പോടെ ഇയാള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
കൂടുതല്‍ ലൈക്കും ഷെയറും കിട്ടാന്‍ പോസ്റ്റിയ ചിത്രത്തിനെതിരേ മൃഗസ്നേഹികള്‍ രംഗത്തെത്തുകയായിരുന്നു. ഇവര്‍ ചിത്രംസഹിതം വനംവകുപ്പിനു പരാതിനല്‍കി. ഇയാള്‍ക്കെതിരെ വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇനിയൊരിക്കലും സെല്ഫിയെടുക്കില്ലെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.