ഹരിപ്പാട്: സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വള്ളത്തിൽ നിന്നും വീണ് യുവാവ് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കരുവാറ്റ കൈപ്പള്ളിത്തറയിൽ ഗോപിനാഥന്റെ മകൻ മധു (32)വിന്റെ മരണമാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ സുഹൃത്തുക്കൾക്കൊപ്പം വള്ളത്തിൽ അച്ഛൻകോവിലാറ്റിൽ സഞ്ചരിക്കുന്പോൾ സെൽഫി എടുക്കുന്നതിനിടെ വള്ളം മറിഞ്ഞായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന കൈപ്പള്ളി വടക്കതിൽ ശ്രീരാജ് ( 32), രാജേഷ്ഭവനത്തിൽ ശരത്ത് എന്നിവർ മറിഞ്ഞ വളളത്തെ പിടിച്ചുകിടന്നെങ്കിലും മധു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. നേരത്തെയും യുവാവ് മുങ്ങിമരിച്ച സ്ഥലത്ത് അപകടങ്ങളുണ്ടായിരുന്നു.