ഇടുക്കി അടിമാലി പത്താംമൈലില്‍ സെലീന അബ്ദുള്‍ അസീസെന്ന 38കാരി കൊല്ലപ്പെട്ടത് ചൊവ്വാഴ്ച്ചയായിരുന്നു. അതേരാത്രി തന്നെ പ്രതിയായ റിജോഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാമ്പത്തികപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുമ്പോഴും നാട്ടുകാര്‍ക്ക് സെലീനയെ പറ്റി കാര്യമായ അറിവുകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകയാണെന്നും അഭിഭാഷകയാണെന്നുമൊക്കെ ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ കാര്യമായ വിദ്യാഭ്യാസം ഇവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
നാട്ടുകാര്‍ക്കിടയില്‍ സെലീനയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. പലപ്പോഴും അപരിചിതരായ ആളുകള്‍ ഇവരെ തേടിയെത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അടിമാലി ടൗണില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്ന റിജോഷ് എങ്ങനെയാണ് സെലീനയുടെ സുഹൃത്തായതെന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിജോഷ് പ്രതിയാണ്. ഇത്തരത്തില്‍ അത്ര നല്ല പശ്ചാത്തലമല്ല റിജോഷിന്റെത്. ഇത്രമാത്രം ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനോട് ഒന്നരലക്ഷം രൂപ സെലീന വാങ്ങിയെന്നത് വീട്ടുകാര്‍ക്കും പുതിയ അറിവായിരുന്നു.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ മുഴുവന്‍ മറ്റത്തില്‍ നേഴ്സറിക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നില്‍ നിന്നു സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി റിജോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളില്‍ പ്രതി പുറത്തിറങ്ങി. 2.24ന് ഇയാള്‍ ബൈക്കില്‍ കയറി പോവുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഭര്‍ത്താവ് മീന്‍കച്ചവടം നടത്തിയതിനു ശേഷം വീട്ടില്‍ വന്നപ്പോഴാണ് സെലീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്നാണ് പറയുന്നത്. പൊതുപ്രവര്‍ത്തനം നടത്തുന്ന സെലീനയോടു വിരോധമുള്ളവരുണ്ടെന്നും പറയപ്പെടുന്നു. എന്തായാലും കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.