അമ്മയുടെ സ്‌നേഹം എന്നത് ഒരുകാലത്തും നിര്‍വചിക്കാനാവാത്തതാണ്. കുഞ്ഞിനുവേണ്ടി ജീവന്‍ പണയം വയ്ക്കുന്നതിനോ അതുപേക്ഷിക്കുന്നതിനോ ഒരമ്മയ്ക്കും മടിയുമില്ല. എണ്ണമില്ലാത്ത ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ നാം ദിവസവും കാണുന്നതുമാണ്. സമാനമായ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നു. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. പിന്നീട് ലോകം മുഴുവനുമായി. ബിബിസി ഉള്‍പ്പെടെയുള്ള ലോകമാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.
കാരണം അമ്മയെന്ന വികാരം ലോകം മുഴുവനിലും ഒന്നാണല്ലോ. ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം. സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്.
അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണ് മുലപ്പാല്‍ വിറ്റ് പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്. സംഭവം തീര്‍ത്തും സത്യമാണെന്നും യാതൊരുവിധത്തിലുള്ള തട്ടിപ്പും ഇതിന് പിന്നിലില്ലെന്നും വ്യക്തമാക്കിയും നിരവധിയാളുകള്‍ ചൈനയില്‍ നിന്ന് രംഗത്തെത്തുന്നുണ്ട്.