പേരൂര്‍ക്കട: മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റോഡുവക്കില്‍ കട്ടിലില്‍ പായവിരിച്ചു കിടന്ന് ജീവനക്കാരന് പ്രതിഷേധിച്ചു. സമരം ജനങ്ങള്‍ ഏറ്റുപിടിച്ചതോടെ ഒടുവില്‍ അധികൃതര്‍ സംഭവസ്ഥലത്തെത്തി ഇയാളെ ജോലിയില്‍ തിരിച്ചെടുത്തതായി അറിയിച്ചു.
കാട്ടക്കട തൂങ്ങാംപാറ സ്വദേശി സെല്‍വരാജ് (52) ആണ് തന്നെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുറ നടത്തിയത്.
സെല്‍വരാജ് കഴിഞ്ഞ ആറു വര്‍ഷമായി വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സ്മൃതിമണ്ഡപത്തിലെ വാച്ച്മാനാണ്. കരാര്‍ അടിസ്ഥാനത്തിലാണ് ഇയാള്‍ ജോലിചെയ്തു വരുന്നത്. ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതാണ് സ്മൃതിമണ്ഡപം.
ജോലിക്കിടെ ഒരുവര്‍ഷത്തിനു മുമ്പ് ഇയാള്‍ക്ക് തളര്‍വാതം ബാധിച്ചു. ഇതോടെ ഇയാള്‍ ജോലിക്കായി തന്റെ ഭാര്യയെയും ഒപ്പം കൂട്ടി. സ്മൃതിമണ്ഡപത്തിലെ എല്ലാ ജോലിയും ഇവര്‍ ഒന്നിച്ചാണ് നിര്‍വഹിച്ചു വന്നിരുന്നത്.
അതിനിടെ കഴിഞ്ഞദിവസം ജോലിക്കെത്തിയ സെല്‍വരാജിനോട് ഇനിമുതല്‍ വരേണ്ടതില്ലെന്ന് അധികൃതര്‍ പറയുകയായിരുന്നു. ഇതോടെ സെല്‍വരാജ് പ്രതിഷേധവുമായി സ്മൃതിമണ്ഡപത്തിനു മുന്നില്‍ പായവിരിച്ച് കിടന്നു. സമരം വിവിധ പാര്‍ട്ടി പ്രാദേശിക നേതൃത്വങ്ങള്‍ ഏറ്റെടുക്കുകയും നാട്ടുകാര്‍ പിന്തുണ നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ 11 നാണ് സെല്‍വരാജ് സമരം ആരംഭിച്ചത്.
ഉച്ചതിരിഞ്ഞ് അധികാരികള്‍ സ്ഥലത്തെത്തുകയും സെല്‍വരാജിനെ ജോലിയില്‍ തിരികെയെടുത്തതായി അറിയിക്കുകയുമായിരുന്നു. സെല്‍വരാജ് ജോലിയില്‍ വീഴ്ചവരുത്തിയിട്ടില്ലെന്നും അയാള്‍ക്ക് രോഗിയെന്ന പരിഗണന നല്‍കാതെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സമ്മേളനസ്മാരക സമിതി ഭാരവാഹി കാവല്ലൂര്‍ മധു പറഞ്ഞു.