കൊച്ചി: എറണാകുളം കടവന്ത്രയില്‍ 45കാരനായ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ കൊലപാതകം നടത്തിയത് ഷൂലേസ് കഴുത്തിൽ വരിഞ്ഞുമുറുക്കി.
കേസിൽ അറസ്റ്റിലായ ഭാര്യയും മകളും റിമാന്‍ഡിലാണ്. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് മരണമടഞ്ഞ ശങ്കറിന്റെ ഭാര്യ സെല്‍വി (44), മകള്‍ അനന്ദ (24) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്.
മദ്യലഹരിയില്‍ കിടന്നുറങ്ങിയ ശങ്കറിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം ഷൂ ലേസ് ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്വാഭാവിക മരണമെന്ന് വരുത്തിതീര്‍ക്കാന്‍ അച്ഛന് അനങ്ങുന്നില്ലെന്ന് പറഞ്ഞ് സെല്‍വി മകളെ വിളിച്ചുവരുത്തി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
ഈ സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട പോലീസ് സെല്‍വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ശങ്കറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
ചോദ്യം ചെയ്യലില്‍ സെല്‍വി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് അനന്ദയും സെല്‍വിയെ സഹായിച്ചതായി പോലീസ് പറഞ്ഞു. ശങ്കര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സെല്‍വിയും ആനന്ദയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. ശങ്കറും കുടുംബവും കടവന്ത്ര മുട്ടത്ത് ലെയ്നില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.