ശാസ്താംകോട്ട : നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ പോലീസ് ഇടപെട്ടതിനെതുടർന്ന് മൃതദേഹം സംസ്കരിച്ചു. കുന്നത്തൂർ തുരുക്കിക്കര കാളിശേരി മേലേ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മ (75)യുടെ മൃതദേഹമാണ് ഒരു മാസത്തിനുശേഷം കൊല്ലാറ സെമിത്തേരിയിൽ ്സംസ്കരിച്ചത്. കഴിഞ്ഞ 14നാണ് ഇവർ മരിച്ചത്.
അന്ന് സംസ്കരിക്കാൻ മൃതദേഹം കൊണ്ടുവന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് കഴിഞ്ഞില്ല. സെമിത്തേരിക്ക് ചുറ്റുമതിലില്ല. ഇതിനാൽ മാലിന്യങ്ങൾ സമീപത്തേ വീടുകളിലെ കിണറുകളിലും മറ്റും ഒലിച്ചിറങ്ങുമെന്ന ആശങ്കയിലാണ് പരിസരവാസികൾ മൃതദേഹം സംസ്കരിക്കുന്നത് വിലക്കിയിരുന്നത്. ചുറ്റുമതിൽ കെട്ടണമെന്ന് നിരന്തരം അവർ ആവശ്യപ്പെട്ടുവരികയായിരുന്നു.
ഇതിനിടയിലാണ് അന്നമ്മയുടെ മൃതദേഹം സ്ംസ്ക്കരിക്കാൻ കൊണ്ടുവന്നത്. ഇത് തടഞ്ഞ പരിസരവാസികളിൽ ഒരാൾ മരത്തിൽ കയറി ആത്മഹത്യഭീഷണിമുഴക്കി. കോടതിയുടെ ഇടപെടലിനെതുടർന്നാണ് സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കാൻ നടപടിയുണ്ടായത്. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം പോലീസ് സാന്നിധ്യത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്. മരത്തിൽ കയറിഭീഷണിമുഴക്കിയയാളെ പോലീസ് അനുനയിപ്പിച്ച് താഴെയിറക്കി.