തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘ എന്റെ പോലീസ് ജീവിതത്തില്‍ പറയുന്ന കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നത്. പുസ്തകത്തില്‍ സിപിഎമ്മിനെതിരേ നിരവധി ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിച്ചിരുന്നത്.പ്രധാനമന്ത്രി മോദി വാനോളം പുകഴ്ത്തിയ നമ്പി നാരായണനെതിരേയും സെന്‍കുമാര്‍ പുസ്തകത്തില്‍ ആഞ്ഞടിച്ചിട്ടുണ്ട്.
കൂടെ ജോലി ചെയ്ത പല ഉദ്യോഗസ്ഥര്‍ക്കെതിരേയും സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിജെപി സഹചാരിയായ സെന്‍കുമാര്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്ന് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സെന്‍കുമാറിനെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്പി നാരായാണനെ പിന്തുണച്ചത്. ഇതിന് പിന്നാലെയാണ് മോദിയെയും ബിജെപി കേന്ദ്രങ്ങളെയും അടക്കം ഞെട്ടിച്ച് സെന്‍കുമാറിന്റെ പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയ്തതാകാമെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. കേസ് അന്വേഷിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി.
സിപിഎമ്മിലെ കണ്ണൂര്‍ വിഭാഗവുമായി പൊലീസ് സേനയിലെ പലര്‍ക്കും അവിശുദ്ധ ബന്ധമുണ്ടെന്നും ഷുക്കൂര്‍ വധക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണമുണ്ടായില്ലെന്നും സെന്‍കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നു. ഡി.ജി.പി. ജേക്കബ് തോമസിനെതിരേയും ലോക്‌നാഥ് ബെഹ്‌റക്കെതിരേയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെതിരെയും ‘എന്റെ പൊലീസ് ജീവിതത്തില്‍’ പരാമര്‍ശമുണ്ട്. ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നാണ് സെന്‍കുമാറിന്റെ പരാമര്‍ശം. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ് പണി ചെയ്യാന്‍ അറിയാത്ത ആളാണെന്നും തനിക്കെതിരായ കേസുകള്‍ക്കെല്ലാം പിന്നില്‍ ജേക്കബ് തോമസിന്റെ കരങ്ങളാണെന്നും പുസ്തകത്തില്‍ പറയുന്നു.മറ്റൊരു ഡി.ജി.പിയായ ഋഷിരാജ് സിങ് പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന ആളാണ്. താന്‍ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്താതെയിരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പരമാവധി ശ്രമിച്ചു. ഇതിനായി ഡല്‍ഹിയിലെ എല്ലാ ബന്ധങ്ങളും അദ്ദേഹം ഉപയോഗിച്ചെങ്കിലും വിജയിച്ചില്ലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. മ്പി നാരായണന് ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമാണുള്ളതെങ്കിലും ചാരക്കേസില്‍ ഒരു നാള്‍ സത്യം പുറത്തു വരുമെന്നും സെന്‍കുമാര്‍ പറയുന്നു.
സിബിഐ കൃത്യമായി കേസ് അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന്‍ ഓര്‍ക്കണമെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്പിനാരായണനോട് ചെയ്തതുകൊടിയ ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ട മോദി ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തു. നമ്പിനാരായണന് പത്മ പുരസ്‌കാരം കിട്ടിയതിനെ സെന്‍കുമാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.