ടോം വടക്കന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം ഒരു ഇടുക്കിക്കാരനാണ്. സത്യമാണ്, ടോമിന്റെ മോഹങ്ങളെ തല്ലിക്കെടുത്തിയത് സേനാപതി വേണുവെന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഒരൊറ്റ പ്രസംഗമാണ്. ആ പ്രസംഗത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ടോമിനെ ബിജെപി പാളയത്തിലെത്തിച്ചത്.
പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത അല്ലെങ്കില്‍ ശത്രുതയുമില്ലാത്ത സേനാപതിക്കാരന്‍ വേണു ടോം വടക്കനെ ബിജെപിയിലെത്തിക്കാന്‍ കാരണമായ സംഭവം നടക്കുന്നത് 10 വര്‍ഷം മുമ്പാണ്. 2009ലെ എ ഐസിസി സമ്മേളനം നടക്കുന്ന സമയം. ആ സമയത്ത് ഉടുമ്പഞ്ചോല ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു വേണു. നറുക്കെടുപ്പിലൂടെ ബ്ലോക് പ്രസിഡന്റുമാര്‍ക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വേണു അക്കൂട്ടത്തില്‍ രണ്ടാമനായി. നല്ല സ്ഫുടമായ ഹിന്ദിയില്‍ അന്ന് വേണു നടത്തിയ പ്രസംഗം കൊണ്ടത് ടോം വടക്കനായിരുന്നു.
അന്ന് കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെ വലംകൈയായിരുന്നു വടക്കന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനുള്ള എല്ല ഒരുക്കവും ടോം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം സോണിയയുടേയും മറ്റും സ്തുതിപാടകരായി മാറിയ വേദിയില്‍ എഐസിസി യിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും കേരളത്തില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കരുതെന്ന് തനി ഹിന്ദിയില്‍ തന്നെ പ്രസംഗിച്ച് വേണു താരമായി. അതോടെ സോണിയയുടെ മനംമാറി. വടക്കന്റെ മോഹം പൊലിയുകയും ചെയ്തു.
വേണുവിന്റെ അന്നത്തെ പ്രസംഗമാണ് ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കുന്നതിന് നിമിത്തമായ കാരണങ്ങളിലൊന്ന്. ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ സേനാപതിവേണു ഉടുമ്പഞ്ചോലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നു. സിപിഎം മണ്ഡലത്തില്‍ എംഎം മണിക്കെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് വേണു തോറ്റതും.