ഡൊമനിക് ജോസഫ്
മാന്നാർ: തെരഞ്ഞെടുപ്പ് പൂർത്തിയായ ഇടങ്ങളിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും അണികൾക്കും ഒരു പോലെ ആശങ്കയാണ്.തെരഞ്ഞെടുപ്പിന്റെ അലച്ചിലിലെ ക്ഷീണം ഉണ്ടെങ്കിലും വിശ്രമിക്കുവാൻ ആരും തയ്യാറല്ല.
16 വരെ റിസൾട്ടിനായി കാത്തിരിക്കുവാനുള്ള ക്ഷമയും ആർക്കുമില്ല. ഇതേത്തുടർന്നാണ് പോളിംഗ് നടന്ന കണക്കുകൾ എടുത്ത് കൂട്ടിയും കിഴിച്ചും ഒരെ വോട്ടർമാരെ എണ്ണിയും വിശകനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്.
പോളിംഗ് ഏജന്റുമാരായി ഇരുന്നവരുടെ കണക്കും പാർട്ടികൾ മുൻ കൂട്ടി തയ്യാറാക്കിയ അസസ്മെന്റും എല്ലാം കണക്കിലെടുത്താണ് റിസൾട്ടിന് മുന്പ് തന്നെ പ്രാഥമിക വോട്ടണ്ണെൽ രാഷ്്ട്രീയ പാർട്ടികൾ നടത്തി വരുന്നത്.
തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തന്നെ സിപിഎം സർവ്വെ സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകുവാനായി അച്ചടിച്ച ഫോറം തന്നെ എല്ലാ ബൂത്തുകളിലും എത്തിച്ചിരുന്നു.
ഉറക്കം കെടുത്തുന്നവർ
കോണ്ഗ്രസും ബിജെപിയും അടുത്ത ദിവസം ഇത്തരത്തിലുള്ള ഫോറം നൽകി വിവിരങ്ങൾ ശേഖരിച്ച് ഉപരി കമ്മറ്റികളിൽ ഏൽപ്പിക്കുവാൻ നൽകി.എല്ലാ രാഷ്്ട്രീയ പാർട്ടികളും മത്സരിച്ചാണ് കൂട്ടലും കിഴിക്കലും നടത്തി വരുന്നത്.
വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്പോൾ ഉയർന്ന ആത്മ വിശ്വാസത്തോടെ കാര്യങ്ങൾ നീക്കുവാൻ മൂൻ കൂട്ടിയുള്ള ഇത്തരം റിസൾട്ട് തയ്യാറാക്കലുകൾക്ക് കഴിയുമെന്നാണ് പാർട്ടികളുടെ വിശ്വാസം.
തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും എല്ലാ ജില്ലകളിലും ഇത്തരത്തിൽ മുന്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആശങ്കയാണ് എല്ലാവർക്കുമുള്ളത്.
പലയിടങ്ങളിലും ഉണ്ടായ ശക്തമായ ത്രികോണ മത്സരങ്ങളും സ്വതന്ത്രരുടെയും വിമതരുടെയും അപരൻമാരുടെയും ശല്യവുമെല്ലാം ഇലക്ഷന് ശേഷവും സ്ഥാനാർത്ഥികളുടെ ഉറക്കം കെടുത്തുന്ന സംഗതികളാണ്.
കോലാഹലങ്ങൾ ഇനിയാണ്
കൂട്ടി വച്ചിരിക്കുന്ന വോട്ടുകളിൽ ഇത്തരത്തിലൂടെ മാറി പോകുമോ എന്ന ആശങ്കയും ഏറെയാണ്.
മുന്നണികളുടെ കൈവശം ഉണ്ടായിരുന്ന പഞ്ചായത്തുകൾ നഷ്ടപ്പെട്ടാൽ നേതാക്കൾ സമാധാനം പറയേണ്ട അവസ്ഥയുള്ളതിനാൽ സ്ഥാനാർത്ഥികളെ പോലെ തന്നെ നേതാക്കളും അങ്കലാപ്പിലാണ്.
സ്ഥാനാർത്ഥി നിർണയത്തിൽ നേതാക്കളുടെ ഇടപെടൽ മൂലം ഉണ്ടായ പാളിച്ചകളും റിസൾട്ടിന് ശേഷം അതേ തുടർന്നുണ്ടാകാവുന്ന കോലാഹലങ്ങളും മുന്പിൽ കാണുന്ന നേതാക്കളും ഏറെയാണ്.
എന്തായാലും റിസൾട്ട് വരുന്നത് വരെ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും ഉറക്കമില്ലാത്ത ദിനങ്ങളായിരിക്കും.