ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. അമ്മയുടെ ഔദാര്യത്തിനായി താരങ്ങള്‍ കൈനീട്ടിനില്ക്കുന്നുവെന്ന കമലിന്റെ പരാമര്‍ശത്തിനെതിരെയാണ് താരങ്ങള്‍ രംഗത്തെത്തിയത്. മധു, ജനാര്ദനന്, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രി എ.കെ. ബാലന് പരാതി നല്കി.
അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ കുറിച്ച് കമല്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്. അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല കാണുന്നത്. അത് ഒരു സ്നേഹസ്പര്‍ശമാണ്.
തുകയുടെ വലിപ്പത്തേക്കാള്‍ അത് നല്കുന്നതില് നിറയുന്ന സ്നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാ-മരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുമ്പില്‍ കൈനീട്ടി നില്ക്കുന്ന അടിയാളന്മാരായും ആവും കമല്‍ കാണുന്നതെന്ന് മന്ത്രിക്ക് അയച്ച പരാതിയില്‍ താരങ്ങള്‍ പറഞ്ഞു.
മലയാള സിനിമ ആവിഷ്കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നു കമല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താരസംഘടനയിലെ നിര്ഗുണന്മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്.
35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്നായിരുന്നു കമലിന്റെ പ്രസ്താവന.