ഗുണ്ടൂര്‍: അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫോട്ടോ ഫിനിഷിലേക്ക്. ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കേരളം മൂന്നാം ദിനത്തിലും മുന്നില്‍ത്തന്നെയാണ്. എന്നാല്‍, ഹരിയാന തൊട്ടുപിന്നിലുണ്ട്. ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 11 മെഡലുകള്‍ നേടിയ കേരളം 89 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നിലുള്ള ഹരിയാനയ്ക്ക് 77.5 പോയിന്റുണ്ട്. 69 പോയിന്റ് നേടിയ പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. കേരളത്തിന് ഇന്നലെ രണ്ടു സ്വര്‍ണമാണ് ലഭിച്ചത്.
ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീനയിലൂടെ ആദ്യസ്വര്‍ണവും വനിതകളുടെ 4-100 മീറ്റര്‍ റിലേയിലൂടെ രണ്ടാം സ്വര്‍ണവും ലഭിച്ചു. അതേസമയം, ഈയിനത്തില്‍ പുരുഷ ടീമിന്റെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി. സമാപന ദിനമായ ഇന്ന് 16 ഫൈനലുകള്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരെയും ഇന്നറിയാം.
താരമായി ഷീന
ട്രിപ്പിള്‍ ജംപില്‍ വീണ്ടും താരമായി എന്‍.വി ഷീന. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഷീന ഏറെക്കുറെ സ്വര്‍ണമുറപ്പിച്ചു തന്നെയാണ് ചാടിയത്. പ്രതീക്ഷ പാഴായില്ല. സ്വര്‍ണം തന്നെ. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ 12.78 മീറ്റര്‍ ദൂരം ചാടിയാണ് ഷീന കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. കര്‍ണാടകയുടെ ജോയ്ലിന്‍ എം. ലോബോ 12.52 മീറ്റര്‍ ചാടി വെള്ളി നേടി. 12.51 മീറ്റര്‍ ചാടിയ ആന്ധ്രപ്രദേശിന്റെ ജി കാര്‍ത്തികയ്ക്കാണ് വെങ്കലം. കേരളത്തിന്റെ അലീന ജോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃശൂര്‍ ചേലക്കര സ്വദേശിയാണ് ഷീന.
റിലേ പോകാതെ വനിതകള്‍
സ്പ്രിന്റ് റിലേയില്‍ സ്വര്‍ണവും വെങ്കലവും നേടി കേരള സംഘം. വനിതാ ടീം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ പുരുഷസംഘത്തിന് വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 46.75 സെക്കന്‍ഡിലായിരുന്നു 4-100 മീറ്റര്‍ റിലേയില്‍ വനിതകള്‍ സ്വര്ണബാറ്റണ് കൈമാറിയത്്. യു.വി. ശ്രുതി രാജാണ് ബാറ്റണുമായി ആദ്യ ലാപ്പില്‍ ഓടിയത്. എം സുഗിനയിലൂടെയും രമ്യരാജനിലൂടെയും കൈമാറിയ ബാറ്റണുമായി ആങ്കര്‍ ലാപ്പില്‍ ഓടിയ മെര്ലിന് ജോസഫ് സ്വര്‍ണം നേട്ടം പൂര്‍ത്തിയാക്കി.
47.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടക വെള്ളി നേടിയപ്പോള്‍ മഹാരാഷ്യ്ക്കാണ് (47.79) വെങ്കലം. പുരുഷന്മാരുടെ വിഭാഗത്തില്‍ 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കേരളം വെങ്കലത്തിലൊതുങ്ങി. 41.13 സെക്കന്ഡില്ഫിനിഷ് ചെയ്ത തമിഴ്നാട് സ്വര്‍ണം നേടി. മഹാരാഷ്്ട്രയ്ക്കാണ് (41.25 ) വെള്ളി. കെ.ആര്. അജിത്, കെ.പി. അശ്വിന്, ടി.എന്‍. അല്‍താഫ്, അനുരൂപ് ജോണ്‍ എന്നിവരാണ് കേരളത്തിനായി ഓടിയത്.
മൂന്നാം ദിനത്തിലെ മത്സരത്തിന് വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തിലൂടെയാണ് തുടക്കമായത്. ഡല്‍ഹിയുടെ ബി. സൗമ്യ (1:42:23.68) സ്വര്‍ണം നേടിയപ്പോള്‍ പഞ്ചാബിന്റെ കരംജിത് കൗര്‍ വെള്ളിയും ഉത്തര്‍പ്രദേശിന്റെ പ്രിയങ്ക വെങ്കലവും സ്വന്തമാക്കി. കേരളത്തിനായി നടക്കാനിറങ്ങിയ കെ. മരിയ മാര്‍ഗരറ്റിന് അഞ്ചാം സ്ഥാനത്തും ടെസ്ന ജോസഫിന് എട്ടാമതും എത്താനേ സാധിച്ചുള്ളൂ.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കര്‍ണാടകയുടെ ഖയാത്തി വകരായ് 3.70 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടി. 3.40 മീറ്റര്‍ ഉയരം കീഴടക്കിയ പഞ്ചാബിന്റെ കിരണ്ബീര് കൗര്‍ വെള്ളിയും തമിഴ്നാടിന്റെ മഞ്ജുക (3.30 മീറ്റര്‍) വെങ്കലവും നേടി. കേരളത്തിന്റെ മെല്‍ബി ടി. മാനുവല്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ എ.എഫ്.ഐയുടെ ബാനറിലിറങ്ങിയ ചിന്ത യാദവ് സ്വര്‍ണം നേടി. ഉത്തര്‍ പ്രദേശിന്റെ വിജയലക്ഷ്മി (10.41.41) വെള്ളിയും മഹാരാഷ്ട്രയുടെ വര്‍ഷ ഭവാരി (10.48.37) വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ ഏയ്ഞ്ചല്‍ ജെയിംസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ എം.എസ്. ശ്രുതി ആറാമതെത്തി. മീറ്റ് ഇന്നവസാനിക്കും.