ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം കേരള അക്കൗണ്ടിൽ ആദ്യമെഡൽ എത്തിച്ചത് പോൾവോൾട്ടിലൂടെ മരിയ ജെയ്സണ്. വനിതാ പോൾവോൾട്ടിൽ 3.90 മീറ്റർ ക്ലിയർ ചെയ്ത മരിയ ജെയ്സണ് വെങ്കലം സ്വന്തമാക്കി. തമിഴ്നാടിന്റെ റോസി മീന പോൾരാജ് (4.05) സ്വർണം സ്വന്തമാക്കി.
നീരജ് ഇന്നിറങ്ങും
ഒളിന്പിക് സ്വർണ ജേതാവായ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര ഇന്ന് ഫീൽഡിൽ ഇറങ്ങും. പുരുഷ വിഭാഗം ജാവലിൻത്രോയിൽ നീരജ് ചോപ്ര മത്സരിക്കും. ദോഹ ഡയമണ്ട് ലീഗിൽ വെള്ളി നേടിയശേഷമാണ് നീരജ് എത്തിയിരിക്കുന്നത്. രാത്രി ഏഴിന് പുരുഷ ജാവലിൻത്രോ ഫൈനലിനു തുടക്കം കുറിക്കും.
ഇരട്ട സ്വർണം
രണ്ടാംദിനം കേരളം ഇരട്ട സ്വർണം സ്വന്തമാക്കി. വനിതാ ലോംഗ്ജംപിൽ നയന ജയിംസും ഡെക്കാത്തലണിൽ കെ.ആർ. ഗോകുലും കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു. 6.53 മീറ്റർ ക്ലിയർ ചെയ്താണ് നയന സ്വർണത്തിലെത്തിയത്.
അഞ്ജു ബോബി ജോർജിന്റെ ശിഷ്യയായ ഉത്തർപ്രദേശ് താരം ഷൈലി സിംഗിനാണ് വെള്ളി (6.34 മീറ്റർ). അഞ്ജുവിന്റെ പേരിലുള്ള മീറ്റ് റിക്കാർഡിന് (6.59) അടുത്തെത്താൻ നയനയ്ക്കും ഷൈലിക്കും സാധിച്ചില്ല.
6762 പോയിന്റ് നേടിയാണ് ഡെക്കാത്തലണിൽ ഗോകുൽ സ്വർണത്തിൽ മുത്തമിട്ടത്. പുരുഷന്മാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സലിലൂടെ (1:50.44) കേരള അക്കൗണ്ടിൽ വെങ്കലം എത്തി.