കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും. 28 വരെയായി വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്ന നഗരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ന് വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 54 ടീമുകളാണ് 66-ാമത് ദേശീയ വോളിയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ ടീമുകള്‍ ഇന്നലെ മുതല്‍ കോഴിക്കോട്ട് എത്തിത്തുടങ്ങി. ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് ടീമുകള്‍ ഇന്നലെ രാവിലെതന്നെ കോഴിക്കോട്ടെത്തി. വൈകിട്ട് നാലിനു സര്‍വീസസും, ഛത്തീസ്ഗഢ് വനിതാ – പുരുഷ ടീമും എത്തി. ടീമുകള്‍ക്ക് ഉജ്വല സ്വീകരണമാണു സംഘാടകര്‍ ഒരുക്കിയത്. എം. മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍, സംഘാടകസമിതി സെക്രട്ടറി സി. സത്യന്, കെ. മൊയ്തീന്‍കോയ, സംസ്ഥാന- ജില്ലാ വോളിബോള്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ടീം അംഗങ്ങളെ സ്വീകരിച്ചത്.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരാണ് കേരളം. പുരുഷ വിഭാഗത്തില്‍ പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുക. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളമുള്ളത്.
നാലാം തവണയാണ് കോഴിക്കോട് ദേശീയ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1980-81 ലാണ് ആദ്യമായി കോഴിക്കോട്ട് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. അന്നു കേരളം റെയില്‍വേസിനോട് തോറ്റ് പ്രാഥമിക റൗണ്ടില്‍ പുറത്തായി. 1991 ല്‍ കേരളം സെമിയില്‍ തമിഴ്നാടിനോട് തോറ്റു. എന്നാല്‍, 2001 ല്‍ കേരളം കിരീടം ചൂടി. ബിജു വി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിരീടത്തില്‍ മുത്തമിട്ടത്.
വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയും സംസ്ഥാന വോളിബോള്‍ അസോസിയേഷനും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത് ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ്.