ന്യൂഡൽഹി: ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കോടതി ചെലവായി സർക്കാർ 25,000 രൂപ നൽകണമെന്ന ഉത്തരവോടെ അപേക്ഷ തള്ളിയത് സർക്കാരിന് കനത്ത തിരിച്ചടിയായി. ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
വിധിയിൽ വ്യക്തത തേടിയും ഭേദഗതി ആവശ്യപ്പെട്ടുമായിരുന്നു സർക്കാരിന്‍റെ അപേക്ഷ. എന്നാൽ സർക്കാരിന്‍റെ വാദങ്ങളൊന്നും കേൾക്കാൻ കോടതി തയാറായില്ല. ഏപ്രിൽ 24ന് സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കാൻ നൽകിയ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നാണ് കോടതി ചോദിച്ചത്. കോടതി ഉത്തരവിൽ വ്യക്തത തേടി സർക്കാർ അപേക്ഷ സമർപ്പിച്ചത് തന്നെ തെറ്റാണെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്.
രൂക്ഷമായ ഭാഷയിലായിരുന്നു സർക്കാരിനെതിരേ കോടതിയുടെ വിമർശനം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് തന്‍റെ നിയമനത്തിന് തടസം നിൽക്കുന്നതെന്നും അവരെ കോടതിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തണമെന്നും സെൻകുമാറിന്‍റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാൽ ചീഫ് സെക്രട്ടറിയെ ഉടൻ നേരിട്ട് വിളിച്ചുവരുത്തേണ്ടെന്ന് നിരീക്ഷിച്ച് കോടതി ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും നിരീക്ഷിച്ചു.
സെൻകുമാറിന്‍റെ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ചൊവ്വാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു. ഇതോടെ ചൊവ്വാഴ്ചയ്ക്കകം സെൻകുമാറിന് ഡിജിപി സ്ഥാനം തിരിച്ചുനൽകിയില്ലെങ്കിൽ സർക്കാർ കോടതിയുടെ കടുത്ത നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് ഉറപ്പായി. സെൻകുമാറിനെ നിയമിക്കണമെന്ന ഹർജിയിൽ ഭേദഗതി വേണമെന്ന സർക്കാരിന്‍റെ ആവശ്യവും പരിഗണിക്കാമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.