ആദ്യം കേസൊക്കെ തീരട്ടെ..! ടി.പി. സെൻകുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിന്‍റെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കെഎടി) നിയമനം കേന്ദ്ര സർക്കാർ തടഞ്ഞു. സെൻകുമാറിനെതിരായ കേസുകൾ തീർന്ന ശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം സോമസുന്ദരത്തെ മാത്രം നിയമിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു.

2016 ഓഗസ്റ്റിലാണു കെഎടിയിലെ രണ്ടംഗ ഒഴിവിൽ സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പു സമിതി വി.സോമസുന്ദരത്തിന്‍റെയും സെൻകുമാറിന്‍റെയും പേരുകൾ ശിപാർശ ചെയ്തിരുന്നു.

സെൻകുമാറിന്‍റെ നിയമനത്തെ നേരത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. സെൻകുമാറിന്‍റെ സത്യസന്ധത സംശയത്തിന്‍റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയിൽ നിയമിച്ചാൽ അതിന്‍റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചത്.

Related posts