തൃശൂർ: മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനു മുൻ ഡിജിപി സെൻകുമാറിനെതിരെ ഐപിസി 153-എ പ്രകാരം കേസെടുക്കണമെന്നു മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഇന്ന് ഡിജിപിക്ക് പരാതി നൽകും.
പോലീസ് അന്വേഷിച്ചു സംഘപരിവാർ പ്രചാരണമാണെന്നു കണ്ടെത്തിയ ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് ഇപ്പോൾ പ്രസ്താവന നടത്തിയ സെൻകുമാർ ആർഎസ്എസിന്റെ ലൗഡ് സ്പീക്കർ ആയി മാറിയിരിക്കുകയാണ്. നൂറുകുട്ടികൾ ജനിക്കുന്പോൾ 42പേർ മുസ്ലീമുകളാണെന്നു പ്രഖ്യാപിച്ച സെൻകുമാർ ഏത് സോഴ്സിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്നും കേരളത്തിൽ എവിടെയാണു മുസ്ലീമുകൾ ജിഹാദ് നടത്തി സ്വർഗത്തിൽ പോകണമെന്നു പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കാൻ തയാറാകണം.
വസ്തുതാവിരുദ്ധവും അത്യന്തം മതവിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്തു നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു. വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂർ മുന്പേ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നു യൂത്ത് ലീഗ് അവശ്യപ്പെടുന്നു.
ഇപ്പോൾ തന്നെ ഒട്ടനവധി സാങ്കേതിക തടസങ്ങൾമൂലം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനനു വലിയ പ്രയാസം നേരിടുന്നുണ്ട്. പുതിയ നിയമങ്ങൾകൂടി നടപ്പാക്കി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.