തിരുവനന്തപുരം: പോലീസ് മേധാവിയായി തിരിച്ചെത്തിയ ടി.പി സെൻകുമാറിനെതിരെ പോലീസ് വകുപ്പിലെ ജീവനക്കാരിയുടെ പരാതി. കേരള പോലീസിലെ അതീവ രഹസ്യന്വേഷണവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിനിയമിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.
ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് വി.എന്‍ കുമാരി ബീനയാണ് പരാതിക്കാരി. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി അഭ്യന്തരസെക്രട്ടറിക്കാണ് ബീന പരാതി നല്‍കിയത്. ടി ബ്രാഞ്ചിൽനിന്ന് അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് ബീനയെ മാറ്റിയത്.
ബീനയ്ക്കു പകരം ആദ്യം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ് ചന്ദ്രനെയാണ് സെൻകുമാർ ആദ്യം നിയമിച്ചത്. എന്നാൽ ഇദ്ദേഹം ചുമതലയേറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയടിയെ നിയമിച്ചു.
കഴിഞ്ഞ പത്ത് മാസമായി വീഴ്ചകളൊന്നുമില്ലാതെ ടിബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയത് ഗൂഡാലോചനയുടെ ഫലമാണെന്ന് അഭ്യന്തര സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ ബീന പറയുന്നു.
നേരത്തെ പോലീസ് ആസ്ഥാനത്ത് ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത്ത് കൃത്യവിലോപത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് സുരേഷ് കൃഷ്ണയെന്നും പരാതിയില്‍ കുമാരി ബീന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.