തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ മറികടന്ന് നടത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡിജിപി. ഡോ. ടി.പി.സെൻകുമാർ. തന്നെ കാണിക്കാതെ വിവിധ സെക്ഷനുകളിൽ പൂഴ്ത്തി വച്ചിരിക്കുന്ന ഫയലുകൾ കണ്ടെത്താൻ ഡിജിപി മിന്നൽ പരിശോധനക്കൊരുങ്ങുന്നു. പോലീസ് ആസ്ഥാനത്ത് ഭരണ വിഭാഗം എഡിജിപി ടോമിൻ തച്ചങ്കരി നടത്തുന്ന ഇടപെടലുകളെ തള്ളിക്കൊണ്ടാണ് സെൻകുമാറിന്റെ നീക്കം.
പോലീസ് ആസ്ഥാനത്തെ നിലവിലെ സംഭവ വികാസങ്ങളിൽ പല ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അമർഷമുണ്ട്. രഹസ്യ വിഭാഗമായ ടി സെക്ഷനിലെ ( ടോപ് സീക്രട്ട് വിഭാഗം) 30 ഫയലുകൾ അടിയന്തിരമായി ഹാജരാക്കാൻ ഡിജിപി ഇന്നലെ സെക്ഷൻ ഓഫീസർക്ക് നിർദേശം നൽകി . പോലീസ് ആസ്ഥാനത്തെ ടി സെക്ഷനിലെ ഉൾപ്പെടെ പല ഫയലുകളും പൂഴ്ത്തി വച്ചതായും താൻ കാണാതെ ആഭ്യന്തരവകുപ്പിലേക്ക് പോകുന്നുവെന്നും മനസ്സിലാക്കിയാണ് സെൻകുമാറിന്റെ നടപടി. ടി.സെക്ഷന്റെ അധികാരം ഡിജിപിയുടെ കീഴിലാണ് എന്നാൽ ഭരണ വിഭാഗം എഡിജിപി ഈ വിഭാഗത്തിൽ ഇടപെടുന്നതാണ് സുപ്രധാന ഫയലുകൾ തന്റെ മേശപ്പുറത്ത് വരാത്തതിന് കാരണമെന്ന് സെൻകുമാറിന് ബോധ്യപ്പെട്ടിരുന്നു.
ടി.സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ഡിജിപിയുടെ നിർദേശങ്ങൾ അനുസരിക്കാതെ ആഭ്യന്തരവകുപ്പിനെ സമീപിച്ചത് ഏറെ ദിവസങ്ങളായി ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. കൂടാതെ ടി സെക്ഷനെ വിവരാവാകാശ നിയമത്തിന്റെ പരിധിയിലാക്കി അദ്ദേഹം ഉത്തരവിറക്കി.യെങ്കിലും സെക്ഷന്റെ നിസഹകരണം ഡിജിപിക്ക് കോടതിയിൽ സമാധാനം പറയേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സംസ്ഥാന പോലീസ് മേധാവിയായുള്ള ഡിജിപി സെൻകുമാറിന്റെ രണ്ടാം വരവിന് മുന്നോടിയായി ഭരണ വിഭാഗം എഡിജിപി ടോമിൻ തച്ചങ്കരി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചത് മുതൽ പോലീസ് ആസ്ഥാനത്ത് സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. സെൻകുമാർ ഇറക്കിയ ഉത്തരവുകൾ സർക്കാർ റദ്ദാക്കുകയും ഗണ്മാനെ സ്ഥലം മാറ്റിയതും എല്ലാം പോലീസ് ആസ്ഥാനത്തെ ചേരിപ്പോര് കൂടുതൽ രൂക്ഷമാക്കുകയായിരുന്നു.
പോലീസ് മേധാവി തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി ഭരണ വിഭാഗം എഡിജിപി ടോമിൻ ജെ തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതുമെല്ലാം പോലീസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തച്ചങ്കരിയുടെ പരാതിയിൽ സെൻകുമാറിനോട് ആഭ്യന്തരവകുപ്പ് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ട്.