കൊച്ചി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിയെടുത്തു നിയമവിരുദ്ധമായി അവധി ആനുകൂല്യങ്ങൾ നേടിയെന്നാരോപിച്ചു മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ രേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസ് റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെ നടപടിക്രമങ്ങൾ പാലിക്കാതെയാണു കേസ് രജിസ്റ്റർ ചെയ്തതെന്നു സംശയമുണ്ടെന്നു പറഞ്ഞ കോടതി കേസ് നിലനിൽക്കുമോയെന്ന് ആരാഞ്ഞു.
പരാതിക്കാരനായ സുക്കർണോ അയച്ച പരാതി ചീഫ് സെക്രട്ടറി പോലീസിനു കൈമാറിയതിനെത്തുടർന്നാണു കേസ് രജിസ്റ്റർ ചെയ്തത്. പരാതി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുന്നിൽ ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഇതു പാലിച്ചില്ലെന്നും പരാതിക്കാരനായ സുക്കർണോയുടെ പ്രഥമവിവര മൊഴിയെടുത്തിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവ പരിഗണിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് ആശുപത്രിയിൽനിന്നു ഡോക്ടറെ കാണാൻ സെൻകുമാർ എടുത്ത ഒപി ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും കൈയക്ഷരം തുടങ്ങിയവ ഫോറൻസിക് സയൻസ് ലാബിൽ ശാസ്ത്രീയമായി പരിശോധിച്ചു വിലയിരുത്തണമെന്നു തിരുവനന്തപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഡി.എസ്. സുരേഷ് ബാബു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
ടി.പി. സെൻകുമാർ ആയുർവേദ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നില്ലെന്ന് മൊഴികളുണ്ട്. ആയുർവേദ കോളജിലെ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയ ദിവസം സെൻകുമാർ എറണാകുളത്തായിരുന്നെന്നു ഫോണ്‍കോൾ രേഖകളിൽനിന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും വിശദീകരണ പത്രികയിലുണ്ട്. ഹർജി മാർച്ച് 27നു വീണ്ടും പരിഗണിക്കും.