തിരുവനന്തപുരം: ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത നടപടിക്കെതിരേ സർക്കാർ. മുൻ ഡിജിപി എന്ന നിലയിൽ സെൻകുമാർ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുപ്പിക്കാൻ സമ്മർദം ചെലുത്തിയിട്ടുണ്ടാകാം. ഇക്കാര്യത്തിൽ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
സെൻകുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങൾക്ക് ബോധ്യമായല്ലോയെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. കാട്ടാക്കടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടയന്തര പ്രമേയത്തിലാണ് എം. വിൻസെന്റ് സഭയിൽ വിഷയം ഉന്നയിച്ചത്.
മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത പോലീസ് നടപടി അസാധാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.കാട്ടാക്കടയിലെ കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയെന്ന് എം. വിൻസെന്റ് ആരോപിച്ചു.
മണ്ണുമാഫിയ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അഞ്ചു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പോലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുകയാണ്. റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.