ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: വന്‍ തകര്‍ച്ചകള്‍ക്കു ശേഷമുള്ള താത്കാലിക തിരിച്ചുവരവിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്. നവംബര്‍ സീരീസ് സെറ്റില്‍മെന്റ് ഭാഗമായി ഊഹക്കച്ചവടക്കാര്‍ നടത്തിയ ലോംഗ് കവറിംഗും വാരാന്ത്യത്തിലെ ബയ്യിംഗുമെല്ലാം ചാഞ്ചാട്ടം ശക്തമാക്കി. സെന്‍സെക്‌സ് 166 പോയിന്റും നിഫ്റ്റി 40 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
സെന്‍സെക്‌സ് 26,000നു മുകളിലും നിഫ്റ്റി 8,000നു മുകളിലും ഇടം കണ്ടെത്തിയത് പ്രദേശിക നിക്ഷേപകര്‍ക്ക് ആശ്വാസമായി. ആറ് മാസത്തിനിടയിലെ താഴ്ന്ന റേഞ്ചില്‍നിന്നുള്ള തിരിച്ചുവരവ് പക്ഷേ വിപണിയുടെ ദിശയില്‍ കാതലായ മാറ്റം വരുത്തിയിട്ടില്ല. വിദേശ ഫണ്ടുകള്‍ ബാധ്യതകള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞവാരം 5,409.22 കോടി രൂപയുടെ വില്പന നടത്തി. പത്തു ദിവസങ്ങളില്‍ അവര്‍ 13,570 കോടി രൂപയുടെ ഓഹരി വിറ്റു. നവംബറിലെ മൊത്തം വില്പന 15,763 കോടി രൂപയാണ്.
അടുത്ത യോഗത്തില്‍ യുഎസ് ഫെഡ് പലിശ ഉയര്‍ത്തുമെന്ന വിശ്വാസം ഫണ്ടുകളെ എമര്‍ജിംഗ് വിപണികളില്‍ വില്പനക്കാരാക്കി. ഫെഡ് പലിശയില്‍ 25 ബേസിസ് പോയിന്റ് വര്‍ധന നടത്താം. ഡോളറിനായി വിദേശ ഫണ്ടുകള്‍ മത്സരിച്ചത് രൂപയുടെ മൂല്യത്തെ ബാധിച്ചു. വിനിമയ മൂല്യം 68.92 വരെ ഇടിഞ്ഞ ശേഷം 68.49ലാണ്, പ്രതിവാര നഷ്ടം 35 പൈസ. രൂപയ്ക്കു താത്കാലികമായി 70ല്‍ പ്രതിരോധമുണ്ട്. ഒരു പുള്‍ ബാക്ക് റാലിയില്‍ 68.50 വരെ ശക്തിപ്രാപിക്കാം. പത്തു ദിവസത്തിനിടയില്‍ രൂപയുടെ മൂല്യം മൂന്നര ശതമാനം കുറഞ്ഞു.
സെന്‍സെക്‌സ് 25,717ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗില്‍ 26,316ലാണ്. ഈ വാരം 200 ഡിഎംഎയായ 26,533ല്‍ പ്രതിരോധമുണ്ട്. ഇത് മറികടന്നാല്‍ 26,751–27,159 പോയിന്റിനെ ഡിസംബറില്‍ ലക്ഷ്യമാക്കാം. എന്നാല്‍, ആദ്യ താങ്ങായ 25,907 നിലനിര്‍ത്താനായില്ലെങ്കില്‍ 25,499–25,281ലേക്കു തളരാം. ഈ വാരം തുടക്കത്തില്‍ 26,500ലെ പ്രതിരോധ മേഖലയിലേക്കു നീങ്ങിയാല്‍ സെല്ലര്‍മാര്‍ ഒരിക്കല്‍ കൂടി സംഘടിക്കാന്‍ ഇടയുണ്ട്. മുന്‍വാരം സൂചിപ്പിച്ചപോലെ പാരാബോളിക് എസ്എആര്‍ വിപണിയുടെ തിരിച്ചുവരവിന് അവസരമൊരുക്കി.
നിഫ്റ്റി 7,916–8,122 റേഞ്ചില്‍ ചാഞ്ചാടിയശേഷം ക്ലോസിംഗില്‍ 8,114ലാണ്. നവംമ്പര്‍ സീരീസ് സെറ്റില്‍മെന്റ് നടന്ന വ്യാഴാഴ്ച സെല്‍ പ്രഷറില്‍ സൂചിക 7,916ലേക്കു നീങ്ങി. ഈ വാരം നിഫ്റ്റിക്ക് 8,185ല്‍ പ്രതിരോധമുണ്ട്. ഈ മേഖലയിലാണ് സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരി നിലകൊള്ളുന്നത്. ഇത് മറികടന്നാല്‍ 8,256ലേക്കും അവിടെനിന്ന് 8,391ലേക്കും ക്രിസ്മസിനു മുമ്പായി ഉയരാം. എന്നാല്‍, സാമ്പത്തിക മരവിപ്പ് കണക്കിലെടുത്താല്‍ 7,979–7,844ലെ താങ്ങില്‍ പരീക്ഷണം നടത്താം.
പിന്നിട്ടവാരം ബിഎസ്ഇയില്‍ ഇടപാടുകള്‍ 12,443.90 കോടി രൂപയില്‍ ഒതുങ്ങി. തൊട്ട് മുന്‍വാരം 15,905.20 കോടി രൂപയായിരുന്നു. നിഫ്റ്റിയില്‍ 99,009.43 കോടി രൂപയാണ്. മുന്‍വാരം ഇത് 94.503.03 കോടിയായിരുന്നു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും ഭേദപ്പെട്ട പ്രകടനം നടത്തി. യൂറോപ്യന്‍ ഇന്‍ഡക്‌സുകളും തിളങ്ങി. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക വീണ്ടും റിക്കര്‍ഡില്‍. നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്ന് ഐടി ഓഹരികള്‍ക്ക് മുന്‍തുക്കം നല്‍കുന്ന നാസ്ഡാക് സൂചികയും തിളങ്ങി. ഡോളര്‍ സൂചികയുടെ തിളക്കം ഫണ്ടുകളെ അമേരിക്കയില്‍ നിക്ഷേപകരാക്കി.
ഒപ്പെക്ക് യോഗം മുന്‍നിര്‍ത്തി ഒരു വിഭാഗം ഫണ്ടുകള്‍ ക്രൂഡ് ഓയിലില്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. എണ്ണവില മൂന്ന് ശതമാനം കുറഞ്ഞ് 43.41 ഡോളറിലേക്കു നീങ്ങാന്‍ ഇടയാക്കി.
ഡോളര്‍ ഇന്‍ഡക്‌സിന്റെ കുതിപ്പില്‍ മഞ്ഞലോഹം ഒമ്പതര മാസത്തെ താഴ്ന്ന വിലയായ 1174 ഡോളര്‍ ദര്‍ശിച്ചശേഷം ഔണ്‍സിന് 1183 ഡോളറിലാണ്. മുന്‍വാരം സൂചിപ്പിച്ച 1170 ഡോളറിലെ സപ്പോര്‍ട്ട് നിലനിര്‍ത്തിയാല്‍ 1234 ഡോളര്‍ വരെ ഉയരാം. അല്ലാത്തപക്ഷം 1140–1110 ഡോളറിലേക്ക് സ്വര്‍ണവില തളരാം.