ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: നിക്ഷേപകരായി തുടരണോ ? അതോ ഉയർന്ന തലത്തിൽ ലാഭമെടുത്ത് സുരക്ഷിത മേഖലയിലേക്ക് തിരിയണോ ? വലിയോരു വിഭാഗം ഓപ്പറേറ്റർമാരുടെയും മനസ് ചാഞ്ചാടുകയാണ്. വ്യക്തമായ ചിത്രം വിപണിയിൽ ഇനിയും തെളിഞ്ഞിട്ടില്ല.
ബോംബെ സെൻസെക്സ് തിളക്കമാർന്ന പ്രകടനത്തിലുടെ കഴിഞ്ഞ വാരം 528 പോയിന്റ് സ്വന്തമാക്കിയപ്പോൾ നിഫ്റ്റി സൂചിക 129 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. ബി എസ് ഇ സൂചിക ഒരു മാസത്തിനിടയിൽ 2188 പോയിന്റും ഒരു വർഷത്തിനിടയിൽ 7059 പോയിന്റും ഉയർന്നു. നിഫ്റ്റി ഒരു മാസം കൊണ്ട് 593 പോയിന്റും പിന്നിട്ട ഒരു വർഷത്തിൽ 2266 പോയിന്റും നേട്ടത്തിലാണ്.
സർവകാല റിക്കാർഡ് ക്ലോസിംഗിൽ ഇന്ത്യൻ മാർക്കറ്റ് നീങ്ങുന്പോൾ പ്രദേശിക നിക്ഷേപകർ പുതിയ ബാധ്യതകൾക്ക് ഉത്സാഹിച്ചു. അതേ സമയം ഫണ്ടുകൾ നിക്ഷേപത്തോത് കുറച്ച് ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് പല അവസരത്തിലും മുൻ തുക്കം നൽകി. വിദേശ ഫണ്ടുകൾ 3000 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞവാരം നടത്തി. ആഭ്യന്തര ഫണ്ടുകൾ 354 കോടി രൂപയുടെ വിൽപനയും. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഫെബ്രുവരി-ജൂലൈ കാലയളവിൽ 59,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.
സെൻസെക്സ് 33,182 ൽ നിന്നുള്ള മുന്നേറ്റത്തിൽ 33,520 ലെ പ്രതിരോധം മറികടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 33,733 വരെ നീങ്ങി. വാരാന്ത്യം സൂചിക 33,686 ലാണ്. ഈ വാരം ആദ്യ പ്രതിരോധം 33,886 ലാണ്. അതായത് 200 പോയിന്റ് മുകളിൽ, ഇത് മറികടന്നാൽ അടുത്ത ലക്ഷ്യം 34,086 ലേക്കും തുടർന്ന് 34,438 ലേക്കും.
മികവിന് ശ്രമം നടത്തുന്നതിനിടയിൽ ധനകാര്യസ്ഥാപനങ്ങൾ ലാഭമെടുപ്പ് ശക്തമാക്കിയാൽ സെൻസെക്സിന് 33,334 ൽ ആദ്യ സപ്പോർട്ടുണ്ട്. ഇത് നിലനിർത്താൻ സൂചികയ്ക്കായില്ലെങ്കിൽ 32,982-32,782 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം. സെൻസെക്സിന്റെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക്ക് എസ് എ ആർ, സൂപ്പർ ട്രെൻഡ്, എം എ സി ഡി എന്നിവ ബുള്ളിഷാണ്. അതേ സമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ടും.
നിഫ്റ്റി സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയെക്കാൾ ഏറെ മുകളിലാണ്. ആർ എസ് ഐ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ശ്രമത്തിലാണ്. 10,329 ൽ നിന്നുള്ള റാലിയിൽ നിഫ്റ്റി സൂചിക റെക്കോർഡായ 10,462 വരെ ചുവടുവച്ചശേഷം ക്ലോസിംഗിൽ 10,452 ലാണ്. ഈ വാരം ആദ്യ പ്രതിരോധം 10,499 ലാണ്. ഇത് തകർക്കാനായാൽ 10,547-10,632 വരെ തുടർന്നും സൂചിക ഉയരാം.
അതേ സമയം പ്രോഫിറ്റ് ബുക്കിംഗിന് ഓപ്പറേറ്റർമാർ കൂട്ടതോടെ രംഗത്ത് ഇറങ്ങിയാൽ സൂചിക ആടി ഉലയാനും 10,366 ലേക്ക് നീങ്ങാനും ഇടയുണ്ട്. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ നിഫ്റ്റി 10,281-10,233 ലേക്ക് തിരിയാം. സാങ്കേതിക വശങ്ങൾ ഓവർ ബ്രോട്ട് മേഖലയിലെത്തിയത് തിരുത്തലിന് സാഹചര്യം ഒരുക്കാം. വീക്കിലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ടാണ്.
മുൻ നിരയിലെ പത്ത് കന്പനികളിൽ എട്ടിന്റെയും വിപണി മുല്യത്തിൽ 86,932.41 കോടി രൂപയുടെ വർധന. റിലയൻസ്, ടിസി എസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, എസ് ബി ഐ, മാരുതി സുസുക്കി, ഒ എൻ ജി സി, എയർ ടെൽ എന്നിവയുടെ വിപണി മൂല്യമാണ് ഉയർന്നത്. ഐ ടിസി, എച്ച് യു എൽ എന്നിവയ്ക്ക് തിരിച്ചടി.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിൽ 51 പൈസയുടെ വർധന. 65.05 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ വാരാന്ത്യം 64.54 ലാണ്.ചൈന ഒഴികെ ഏഷ്യയിലെ പ്രമുഖ ഓഹരി ഇൻഡക്സുകളെല്ലാം നേട്ടത്തിലാണ്. യൂറോപ്യൻ ഓഹരി ഇൻഡക്സുകളും തിളങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുമെന്ന സുചനകൾ മേഖലയിൽ നിക്ഷേപ താൽപര്യം ഉയർത്തി. അമേരിക്കൻ മാർക്കറ്റുകൾ റെക്കോർഡ് തിളക്കത്തിലാണ്.
ഡൗ ജോണ്സ് സൂചികയും എസ് ആൻഡ് പി 500 ഇൻഡക്സും റിക്കാർഡ് നിലവാരത്തിലാണ്.ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായ 55 ഡോളറിലെത്തി. ഒപ്പെക്കിനൊപ്പം മറ്റ് ഉത്പാദന രാജ്യങ്ങളും ക്രൂഡ് ഉത്പാദനം കുറയ്ക്കുമെന്ന വിലയിരുത്തലാണ് 2015 ന് ശേഷമുള്ള ഏറ്റവും മികച്ച റേഞ്ചിലേക്ക് എണ്ണ വില ഉയർത്തിയത്.
അമേരിക്കൻ തൊഴിൽ മേഖലയിൽ നിന്നുള്ള പുതിയ കണക്കുകൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഒൗണ്സിന് 1269 ഡോളറിലേക്ക് താഴ്ത്തി.