മുംബൈ: പൊതുമേഖലാ ബാങ്കുകൾക്കു മൂലധനം നല്കുന്നതടക്കമുള്ള ഉത്തേജക പരിപാടികളുടെ പ്രഖ്യാപനത്തിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 435.16 പോയിന്റ് (1.33 ശതമാനം) കയറി 33,042.5 എന്ന റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മേയ് 25-നു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്. നിഫ്റ്റി 87.65 പോയിന്റ് (0.80 ശതമാനം) ഉയർന്ന് 10,295.35 എന്ന റിക്കാർഡിൽ ക്ലോസിംഗ് നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഓഹരി വില 27.58 ശതമാനം കുതിച്ചുയർന്നു. ഇതോടെ എസ്ബിഐയുടെ വിപണി ലക്ഷ്യം 60,596.99 കോടി വർധിച്ച് 2,80,282.68 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎൻജിസി എന്നിവയെ ഒറ്റയടിക്കു വിപണിമൂല്യത്തിൽ മറികടന്നു എസ്ബിഐ. 322.95 രൂപയിലാണ് എസ്ബിഐ ഓഹരി ക്ലോസ് ചെയ്തത്.
എല്ലാ ബാങ്ക് ഓഹരികൾക്കും ഇന്നലെ നല്ല കയറ്റമായിരുന്നു. സ്വകാര്യ മേഖലയിലെ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും 14 ശതമാനത്തോളം നേട്ടം കുറിച്ചു.പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരി വില 49.45 ശതമാനം ഉയർന്ന് 48.88 ശതമാനം ഉയർച്ചയോടെ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ പിഎസ്യു ബാങ്ക് സൂചിക 916.45 പോയിന്റ് (29.63 ശതമാനം) കയറി.