മുംബൈ: സെൻസെക്സ് സർവകാല ഉയരത്തിൽ. നിഫ്റ്റി റിക്കാർഡിനരികെ. റിലയൻസ് ഇൻഡസ്ട്രീസിന്റെ കന്പോളമൂല്യം വീണ്ടും പതിനായിരം കോടി ഡോളർ കടന്നു. ഇന്നലെ ആഗോള കന്പോളങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി കന്പോളവും നല്ല ഉണർവിലായിരുന്നു. എന്നാൽ, തുടക്കത്തിലെ ആവേശം ഉച്ചയ്ക്കുശേഷം കണ്ടില്ല.
സെൻസെക്സ് വ്യാപാരത്തിനിടെ 36,699.53 വരെ കയറിയതാണ്. പിന്നീടു താണ് 36,548.41ൽ ക്ലോസ് ചെയ്തു. പഴയ റിക്കാർഡ് ജനുവരി 29ലെ 36,283.25 ആണ്. ഒന്നാം ത്രൈമാസത്തിലെ കന്പനി ഫലങ്ങൾ മികച്ചതാകുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വില താഴോട്ടു പോന്നതും വിപണിയിലെ ആവേശത്തിനു കാരണമായി. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സെൻസെക്സ് 973.86 പോയിന്റ് കയറി.
നിഫ്റ്റി ഇന്നലെ 11,078.30 വരെ കയറിയിട്ട് 11,023.20ൽ ക്ലോസ് ചെയ്തു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പത്തു വർഷത്തിനുശേഷം പതിനായിരം കോടി ഡോളറിന്റെ മുകളിൽ കന്പോളമൂല്യം കുറിച്ചു. 2008 ജനുവരിയിലും റിലയൻസ് 10,000 കോടി ഡോളറിനു മുകളിലെത്തിയതാണ്. അന്നു ഡോളർ 40 രൂപയ്ക്കടുത്തായിരുന്നു. പിന്നീടു കന്പനിയുടെ ഓഹരിവില താഴോട്ടുപോയി.
പിന്നീടു റിലയൻസ് ജിയോയുടെ തുടക്കം പ്രഖ്യാപിച്ച 2016 സെപ്റ്റംബറിലാണ് റിലയൻസ് ഓഹരി മേലോട്ടു യാത്ര തുടങ്ങിയത്. ടെലികോം വ്യവസായത്തെ ഒരു ഡസൻ കന്പനികളുടെ മത്സരവേദിയിൽനിന്നു മൂന്നോ നാലോ കന്പനികളുടെ പോർക്കളമാക്കി മാറ്റി ജിയോയുടെ രംഗപ്രവേശം.
ഇനി കേബിൾ ടിവി, ഇന്റർനെറ്റ് സർവീസ് എന്നിവയിലും വിപ്ലവം വരുത്തുന്ന വീടുകളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്ന പരിപാടി ജിയോ തുടങ്ങുന്നു. ഒപ്പം ഫോർജി സർവീസും നല്കും. ഇന്നലെ റിലയൻസിന്റെ ഓഹരിവില 4.05 ശതമാനം കൂടി 1080.90 രൂപയിലെത്തി.