ബൈ: താരിഫ് നിരക്കുകളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഏഷ്യൻ ഓഹരി വിപണികള്‍ ഇന്നു കുത്തനെ ഇടിഞ്ഞു. നിമിഷനേരംകൊണ്ട് നിക്ഷേകർക്ക് അപ്രത്യക്ഷമായത് 19 ലക്ഷം കോടി രൂപയാണ്.
രാവിലെ സെന്‍സെക്സ് 3,000ത്തോളം പോയിന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 21,800ന് താഴെയെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകള്‍ക്ക് 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 383.95 ലക്ഷം കോടിയിലേക്കു താഴ്ന്നതായാണു കണക്ക്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക ഏഴ് ശതമാനത്തിലധികം താഴുകയുണ്ടായി. നിഫ്റ്റി ഐടി, ഓട്ടോ, എനര്‍ജി, റിയല്‍റ്റി തുടങ്ങിയവയ്ക്കും കനത്ത തിരിച്ചടി. 4-5 ശതമാനമാണ് ഇടിവ്.
ജപ്പാന്റെ നിക്കി 8.8 ശതമാനത്തോളം ഇടിഞ്ഞു. ഒന്നര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് സൂചിക പതിച്ചു. ചൈനീസ് വിപണിയിലും കനത്ത തിരിച്ചടിയുണ്ടായി. ചൈനയിലെ സിഎസ്ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴന്നു.
ഹോങ്കോംഗിന്റെ ഹാംഗ്സെംഗ് 8 ശതമാനവും ഇടിവ് സംഭവിച്ചു. മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്കു കൂപ്പുകുത്തി. തായ്വാന് വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി. കഴിഞ്ഞ ദിവസവും ആഗോളതലത്തില്‍ വലിയ ഇടിവു രേഖപ്പെടുത്തിയിരുന്നു.